കൊച്ചി: സാംസ്കാരിക കൊച്ചിയുടെ എതിർപ്പ് ശക്തമായതോടെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് കച്ചവടക്കാർക്കായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് കോർപ്പറേഷൻ പിൻമാറി. മഹാരാജാസിലെ മുൻ അദ്ധ്യാപകരായ പ്രൊഫ. എം.കെ.സാനു, പ്രൊഫ.എം.ലീലാവതി, പൂർവ വിദ്യാർത്ഥിയായ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉൾപ്പെടെയുള്ളവർ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. ഗ്രൗണ്ട് കൈയേറുന്നത് അനുവദിക്കാനാവില്ലെന്നാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലപാട്. പാവപ്പെട്ട വീടുകളിലെ കുട്ടികളുടെ കളിസ്ഥലമാണിത്. പലകാലങ്ങളായി ഒട്ടേറെ ഭൂമി കോളേജിന് നഷ്‌ടമായി കഴിഞ്ഞു. ഇനിയിത് അനുവദിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും കോർപ്പറേഷന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ ബ്രേക് ത്രൂവിന്റെ ഭാഗമായാണ് മുല്ലശേരി കനാൽ നവീകരിക്കുന്നത്. കനാലിനോട് ചേർന്നുള്ള കച്ചവട സ്ഥാപനങ്ങളെ കോളേജ് ഗ്രൗണ്ടിൽ പുനരധിവസിപ്പിക്കാനായിരുന്നു തീരുമാനം.
വിവാദത്തിനില്ലെന്ന് മേയർ
മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുല്ലശേരി കനാൽ ഭാഗത്തെ കച്ചവടക്കാരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതി കോർപ്പറേഷൻ ഉപേക്ഷിച്ചതായി മേയർ എം. അനിൽകുമാർ പറഞ്ഞു. ഹൈക്കോടതി നിർദ്ദേശ പ്രകാരം വെള്ളക്കെട്ട് നിവാരണ പദ്ധതി അടിയന്തരമായി നടപ്പാക്കാനാണ് അത്തരമൊരു നടപടിക്ക് നിർബന്ധിതമായത്. എന്നാൽ അതിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിയാതെയുള്ള എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉയർന്ന സാഹചര്യത്തിലാണ് ആ നീക്കം ഉപേക്ഷിക്കുന്നതെന്നും മേയർ പറഞ്ഞു.
ഇക്കാര്യത്തിൽ ആരുമായും അനാവശ്യ ഏറ്റുമുട്ടലിന് നഗരസഭ തയ്യാറല്ല. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായ മുല്ലശേരി കനാൽ നവീകരണത്തിന് ആ ഭാഗത്തെ കച്ചവടക്കാരെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടിവരും. അവരെ മൂന്നു മാസത്തേക്ക് മഹാരാജാസ് ഗ്രൗണ്ടിന്റെ വശത്തേക്ക് താൽക്കാലികമായി മാറ്റാനാണ് ഉദ്ദേശിച്ചത്. എന്നാൽ അതിനെ ഗ്രൗണ്ട് കൈയേറ്റമായി വ്യാഖ്യാനിക്കാനാണ് പലരും ശ്രമിച്ചത്. അടിസ്ഥാനമില്ലാത്ത പ്രചാരണമാണത്. ആരുമായും ഇക്കാര്യത്തിൽ ഏറ്റുമുട്ടാൻ താത്പര്യമില്ലാത്തതിനാൽ കച്ചവടക്കാരുടെ താത്കാലിക പുനരധിവാസത്തിന് മഹാരാജാസ് ഗ്രൗണ്ടിന്റെ ഭാഗം ഉപയോഗിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണെന്നും മേയർ പറഞ്ഞു.