
കൊച്ചി: മണ്ഡലകാല സർവീസ് ആരംഭിച്ച് ഒരു മാസമെത്തുമ്പോൾ കെ.എസ്.ആർ.ടി.സിയിൽ അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് അയ്യപ്പന്മാരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. നിലവിൽ 12 ബസുകൾ പമ്പ- നിലയ്ക്കലേക്ക് എറണാകുളം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുണ്ട്. 15 ബസുകൾ സർവീസിന് ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 15 നാണ് സർവീസുകൾ ആരംഭിച്ചത്. ദിവസേന രാവിലെയും വൈകിട്ടുമുള്ള രണ്ടു സ്ഥിരം സർവീസുകൾക്ക് പുറമെ പ്രത്യേക സർവീസുകളുമുണ്ട്. സ്ഥിരം സർവീസുകൾ ജില്ലയിൽ നിന്നുള്ള അയ്യപ്പന്മാർ മുൻകുട്ടി ബുക്ക് ചെയ്ത് യാത്രചെയ്യുന്നതാണ്. മറ്റു സർവീസുകളാണ് അന്യസംസ്ഥാനക്കാർക്കായി ഒരുക്കുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന അയ്യപ്പന്മാർ കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷൽ ട്രിപ്പുകളെയാണ് ആശ്രയിക്കുന്നത്. ഒരു സർവീസിൽ നിന്ന് 26,000 മുതൽ 27,000 രൂപ വരെ ലഭിക്കുന്നുണ്ട്. ധൻബാദ് - ആലപ്പുഴ എക്‌സ്‌പ്രസിലാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്. അഞ്ച് ബസിൽ കയറാനുള്ള അയ്യപ്പന്മാരുണ്ടാവും. തിരക്കിനനുസരിച്ച് റെയിൽവേ സ്റ്റേഷനിലെ കെ.എസ്.ആർ.ടി.സിയുടെ ഹെൽപ്പ് ഡെസ്‌കാണ് സർവീസ് ക്രമീകരിക്കുക. ആവശ്യമെങ്കിൽ മറ്റു ഡിപ്പോകളിൽ നിന്ന് ബസുകളെത്തിക്കും. ഓൺലൈൻ ബുക്കിംഗും വേഗത്തിൽ ആദ്യ ദിവസങ്ങളിലെ ഓൺലൈൻ ബുക്കിംഗിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധനവുണ്ട്. എല്ലാ ദിവസവും രാവിലെ ഒമ്പതിനും വൈകിട്ട് 9.30 നുമാണ് ഓൺലൈൻ പ്രകാരം ബുക്ക് ചെയ്തവർക്കായുള്ള സർവീസ്. ഇവ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നാണ് പുറപ്പെടുക. മണ്ഡലകാലം വരെയുള്ള ബുക്കിംഗുകൾ പുരോഗമിക്കുകയാണ്. കൂടുതൽ ബസുകൾ എത്തും വരും ദിവസങ്ങളിൽ യാത്രാക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുമെന്നാണ് പ്രതീക്ഷ. ശനി, ഞായർ ദിവസങ്ങളിൽ തിരക്കുണ്ട്. ഓൺലൈൻ ബുക്കിംഗുകളും പുരോഗമിക്കുകയാണ്. കൂടുതൽ ബസുകൾ മറ്റു ഡിപ്പോകളിൽ നിന്ന് എത്തിക്കും. മകരവിളക്കിനായി എത്തിക്കുന്ന കൂടുതൽ അയ്യപ്പന്മാരെ പമ്പയിലെത്തിക്കാനും കെ.എസ്.ആർ.ടി.സി സജ്ജമാണ്. വി.എം. താജുദ്ദീൻ ടി.ഡി.ഒ എറണാകുളം മണ്ഡലകാല സർവീസ് നിരക്ക് എറണാകുളം - പമ്പ സൂപ്പർ ഫാസ്റ്റ് : 294രൂപ (റിസർവേഷൻ ഉൾപ്പെടെ ) ഫാസ്റ്റ് പാസഞ്ചർ : 264 രൂപ വിവരങ്ങൾക്ക്: 0484 2702033.