
കൊച്ചി: അമ്മയെ ആക്രമിച്ച ഇളയച്ഛനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവിനെതിരെ ചുമത്തിയ കൊലക്കുറ്റം ഹൈക്കോടതി റദ്ദാക്കി. മനഃപൂർവമല്ലാത്ത നരഹത്യയാണ് പ്രതിക്കെതിരെ നിലനിൽക്കുകയെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ശിക്ഷാഇളവും നൽകി. ഇളയച്ഛൻ ഉല്ലാസിനെ (35) കുത്തിക്കൊന്ന കേസിൽ വടകര അഡി.സെഷൻസ് കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതി കോഴിക്കോട് മുളവട്ടം കയ്യാണ്ടത്തിൽ രാജേഷ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി.
2010 ജനുവരി മൂന്നിനാണ് സംഭവം. തറവാട്ടുവീട്ടിൽ സൂക്ഷിച്ചിരുന്ന തടികൾ എടുക്കാനെത്തിയ ഉല്ലാസിനെ രാജേഷിന്റെ അമ്മ തടഞ്ഞു. തുടർന്ന് ഇയാൾ രാജേഷിന്റെ അമ്മയെ പിടിച്ചുതള്ളി. അമ്മ താഴെ വീണതുകണ്ട രാജേഷ് ഉല്ലാസിനെ കത്തികൊണ്ട് കുത്തിവീഴ്‌ത്തി. ഉല്ലാസ് മരിച്ചതോടെ പൊലീസ് രാജേഷിനെ അറസ്റ്റുചെയ്തു. കേസിൽ 2016 ഏപ്രിൽ 28 നാണ് വടകര കോടതി ശിക്ഷവിധിച്ചത്.
അമ്മയെ മർദ്ദിക്കുന്നതുകണ്ട രാജേഷിന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് കൊലക്കുറ്റം ഒഴിവാക്കുകയായിരുന്നു. ഒരുനിമിഷം ക്ഷമകാട്ടിയിരുന്നെങ്കിൽ പ്രതിക്ക് ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കേണ്ടിവരുമായിരുന്നില്ല. ഒരുതവണ മാത്രമാണ് രാജേഷ് കുത്തിയത്. ഉല്ലാസിനെ ആശുപത്രിയിൽ കൊണ്ടുപോകാനും രാജേഷ് ഒപ്പമുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 19 വയസു മാത്രമാണ് പ്രായം. ഈ വസ്തുതകൾ കണക്കിലെടുത്താണ് ശിക്ഷാഇളവ് നൽകുന്നത്. മൂന്നുവർഷത്തിലേറെ തടവുശിക്ഷ പ്രതി അനുഭവിച്ചത് മതിയാകും. - ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതി ചുമത്തിയ പിഴത്തുക ഒരു ലക്ഷം രൂപയാക്കി ഹൈക്കോടതി ഉയർത്തി. തുക കെട്ടിവച്ചാൽ കൊല്ലപ്പെട്ട ഉല്ലാസിന്റെ ഭാര്യക്കും മക്കൾക്കും നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.