കൊച്ചി :നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സെസ് പിരിവ് തദ്ദേശവകുപ്പിനെ ഏല്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കെ.കെ.എൻ.ടി. സി സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ പറഞ്ഞു. കെ.കെ.എൻ.ടി. സി നിർവാഹകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990ലാണ് സംസ്ഥാന സർക്കാർ ക്ഷേമനിധി രൂപീകരിച്ചത്. 1996ൽ കേന്ദ്ര നിയമം നടപ്പിലാക്കിയതോടെ സെസ് പിരിവ് തൊഴിൽ വകുപ്പിനെ ഏൽപിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് ക്ഷേമനിധി ബോർഡ് നിശ്ചലമായി. പെൻഷൻ പോലും മുടങ്ങി .ഇതോടെയാണ് സെസ് പിരിവ് തദ്ദേശ വകുപ്പിനെ ഏൽപിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഈ തീരുമാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിൽ ഇത് സർക്കാർ ഉത്തരവായി പുറത്തിറക്കണമെന്ന് തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. ജോസ് കപ്പിത്താൻപറമ്പിൽ, എൻ.എൽ. മൈക്കിൾ, സലോമി ജോസഫ്, എം.എം. രാജു, പി. കുഞ്ഞിരാമൻ ,സാംസൻ അറക്കൽ തുടങ്ങിയവർ സംസാരിച്ചു.