
കൊച്ചി: ക്ലാസുകൾ നടത്താതെ തുല്യതാ പരീക്ഷ നടത്തുന്ന സാക്ഷരതാ മിഷന്റെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി അദ്ധ്യാപകരായ സാക്ഷരതാ പ്രേരക്മാർ. എതിർപ്പുകൾക്കിടെ ഇന്നലെ പരീക്ഷ തുടങ്ങി.
നാല്, ഏഴ് തുല്യതാ കോഴ്‌സുകളിലെ പരീക്ഷകളാണ് പഠിപ്പിക്കാതെ നടത്തുന്നത്. സാക്ഷരതാ മിഷന്റെ നടപടിക്കെതിരെ ഇടത് സംഘടനയായ കേരള പ്രേരക് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തു നൽകി.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം നിറുത്തിവച്ച തുല്യതാ കോഴ്‌സുകൾ പൂർണമായി പുനരാരംഭിച്ചത് കഴിഞ്ഞ മാസമാണ്. ഓൺലൈനായി പത്താം ക്ലാസുകാർക്കും പ്ലസ് ടുക്കാർക്കും ക്ലാസുണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ സാക്ഷരതാ മിഷന്റെ ഏഴാംതരം തുല്യത സർട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം. ഏഴാം ക്ലാസ് യോഗ്യത മാനദണ്ഡം ആക്കിയ പി.എസ്.സി പരീക്ഷകൾക്കും അപേക്ഷിക്കാം. പുതിയ തൊഴിൽ സംരംഭം തുടങ്ങാൻ ബാങ്കുകളിൽ നിന്നും വായ്പയും ലഭ്യമാകും. സാക്ഷരത മിഷന്റെ പത്താംതരം തുല്യത കോഴ്‌സിൽ ചേർന്ന് പഠിക്കുകയും ചെയ്യാം. സാക്ഷരത മിഷന്റെ പത്താംതരം സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സിക്ക് തുല്യമാണ്.
സാക്ഷരത, നാല്, ഏഴ് തുല്യത കോഴ്‌സുകളിൽ ക്ലാസ് നടത്തിപ്പ്, പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം, സർട്ടിഫിക്കറ്റ് വിതരണം അങ്ങനെ എല്ലാം സാക്ഷരത മിഷന്റെ ചുമതല ആണ്. പത്താം ക്ലാസ് പരീക്ഷ നടത്തുന്നത് പരീക്ഷാ ഭവനാണ്.
പരീക്ഷ പ്രഹസനമാകുന്നു:
സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷകൾ പ്രഹസനമാവുന്ന സാഹചര്യമാണ്. ഒരു ക്ലാസ് പോലും നൽകാതെ കഴിഞ്ഞ മാസം 7 മുതൽ 14 വരെ തീയതികളിൽ സംസ്ഥാനത്തു സാക്ഷരത പരീക്ഷ നടത്തിയത് നേരത്തെ വിവാദം ആയിരുന്നു. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടികളാണിവ.
പി. നാരായണൻ
പ്രസിഡന്റ്
കേരള സാക്ഷരത പ്രേരക് അസോസിയേഷൻ
കോഴ്‌സുകളുടെ കാലാവധി
സാക്ഷരത കോഴ്സ് :3 മാസം
നാലാംതരം : 6 മാസം
ഏഴാംതരം : 8 മാസം