
കൊച്ചി: 12 കോടി ഓണം ബംബറിച്ചത് മരട് സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ ജയപാലനാണെങ്കിലും അതിനെത്തുടർന്ന് സ്വൈരം നഷ്ടപ്പെട്ടത് തൃശൂർ ചേലക്കര സ്വദേശി ഭവാനിഅമ്മയ്ക്കാണ് ! അടുത്തിടെ ജയപാലനെത്തിയ ഭീഷണിക്കത്തിലെ ഫോൺനമ്പരാണ് പണിപറ്റിച്ചത്. ആരോ പടച്ചുവിട്ട കത്തിൽ ജയപാലനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ഭവാനിഅമ്മയുടെ നമ്പരാണ് എഴുതിച്ചേർത്തത്. കത്തും നമ്പരും വൈറലായതോടെ ഭവാനിഅമ്മയുടെ ഫോണിന് വിശ്രമമില്ലാതായി. ഭീഷണിക്കത്തിന് പിന്നിലെ കാരണം തേടിയായിരുന്നു വിളികളത്രയും. ജയപാലന്റെ പരാതിയിൽ അന്വേഷണം നടത്തുന്ന മരട് പൊലീസും വിളിച്ച് കാര്യം തിരക്കി. നേരിട്ടുചെന്ന് കണ്ടപ്പോഴാണ് ഭവാനിഅമ്മയുടെ നിരപരാധിത്വം മനസിലായത്. ജയപാലനെ അറിയില്ലെന്നും കത്ത് എഴുതേണ്ട ആവശ്യമില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ വകവരുത്തുമെന്ന് കാണിച്ച് ഒരു മാസത്തിനിടെ രണ്ടാമത്തെ ഭീഷണിക്കത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. രണ്ട് കത്തിലേയും കൈയക്ഷരം ഒരുപോലെ. രണ്ടും ചേലക്കരയിൽ നിന്നാണ് പോസ്റ്രുചെയ്തത്.
ആദ്യ കത്ത്
നവംബർ ഒമ്പതിനാണ് ആദ്യ ഭീഷണിക്കത്തെത്തിയത്. പോപ്പുലർ ഫ്രണ്ട് കണ്ണൂരെന്ന പേരിൽ എത്തിയ കത്തിൽ സമ്മാനത്തുകയിൽനിന്ന് 65 ലക്ഷം നൽകണമെന്നാണ് ആവശ്യം. പണം തന്നില്ലെങ്കിൽ ക്വട്ടേഷൻ നൽകി അപായപ്പെടുത്തുമെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നുമായിരുന്നു ഭീഷണി. ദരിദ്രരായ വൃദ്ധ ദമ്പതികൾക്ക് സ്ഥലം വാങ്ങാനാണത്രെ പണം.
രണ്ടാമത്തെ കത്ത്
കഴിഞ്ഞദിവസമാണ് രണ്ടാം ഭീഷണിക്കത്ത്. 65 ലക്ഷം രൂപയ്ക്ക് സ്ഥലം എടുക്കണമെന്നാണ് ആവശ്യം. പൊലീസിനെ അറിയിക്കുകയോ പുറത്തുപറഞ്ഞാലോ കഥകഴിക്കുമെന്നാണ് ഭീഷണി. ഇതേത്തുടർന്നാണ് ജയപാലൻ പരാതി നൽകിയത്.
പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജയപാലന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ കബളിപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല
എസ്.ഐ
മരട് പൊലീസ്
രണ്ട് കത്തിലും തട്ടിക്കളയുമെന്നാണുള്ളത്. സ്ഥലം എടുക്കണമെന്നും പറയുന്നു. ഇഷ്ടമുണ്ടെങ്കിലല്ലേ ചെയ്യാൻ പറ്റൂ.
ജയപാലൻ