ആലുവ: നഗരസഭഭരണം കെടുകാര്യസ്ഥത നിറഞ്ഞതെന്നും ഏഴ് വർഷം മുമ്പ് പൊളിച്ച മാർക്കറ്റ് കെട്ടിടം പുനർനിർമ്മിക്കാനൊരു രൂപരേഖപോലും തയ്യാറാക്കാനാകാതെ ഭരണ സമിതി നിഷ്ക്രിയമാണെന്ന ആരോപണവുമായി എൽ.ഡി.എഫ്. നിരവധി വാഗ്ദാനങ്ങൾ നൽകി വീണ്ടും അധികാരത്തിലെത്തിയ കോൺഗ്രസ് ഭരണസമിതി നഗരവാസികളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും ഇടതുമുന്നണി കുറ്റപ്പെടുത്തി. ഡിസംബർ 13ന് രാവിലെ 10ന് ആലുവ ജില്ലാ ആശുപത്രിയുടെ മുന്നിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലുവ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി.സലിം, ലോക്കൽ കമ്മിറ്റി സെക്രട്ടറി പോൾ വർഗീസ്, ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയ, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ഷാജി എന്നിവർ സംസാരിച്ചു. മാലിന്യവും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും നഗരത്തിലൂടെ കടന്നുപോകുന്നവരെയും പ്രയാസത്തിലാക്കിയിരിക്കുകയാണ്. നഗരസഭ കൗൺസിലിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെടുത്ത് നടപ്പിലാക്കുന്നു. തുടർന്നു കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. കിഫ്ബി മുഖാന്തിരം കേരളത്തിലെ നഗരസഭകളെല്ലാം നിരവധി വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു. നിരവധി തവണ കിഫ്ബി അറിയിച്ചിട്ടും ആലുവ ഭരണാധികാരികൾ മാർക്കറ്റിന്റെ നിർമ്മാണത്തിന് പോലും ഒരു പ്രോജക്ട് തയ്യാറാക്കി നൽകിയിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജനകീയാവശ്യങ്ങൾ പരിഹരിക്കത്തക്ക രൂപത്തിൽ ഒരു പദ്ധതി പോലും ആസൂത്രണം ചെയ്യുന്നില്ല. സാമ്പത്തിക കെടുകാര്വസ്ഥത മൂലം ജീവനക്കാരുടെ ശമ്പളം പോലും യഥാസമയം നൽകുന്നില്ല. ജനജീവിതം മെച്ചപ്പെടുത്തുന്നതിനും തനത് വരുമാനം കണ്ടെത്തുന്നതിനും നഗരസഭ ഭരണാധികാരികൾക്ക് കഴിയുന്നില്ല. നഗരസഭ ചെയർമാന്റെ ഇടപെടലിലൂടെ മുൻസിപ്പൽ എൻജിനീയറുടെ തസ്തികയില്ലാതായി. ഇതേ തുടർന്ന് നഗരസഭ ജീവനക്കാരുടെ 30ൽ അധികം തസ്തികകൾ ഇല്ലാതാകുമെന്നും നിലവിലെ എ ഗ്രേഡിൽ നിന്ന് സി ഗ്രേഡിലേക്ക് നഗരസഭ മാറുമെന്നും ഇടതുമുന്നണി നേതാക്കൾ മുന്നറിയിപ്പ് നൽകി.