
കളമശേരി: ജില്ലയിൽ ചായം പദ്ധതിയിൽ നവീകരിച്ച ആദ്യ അങ്കണവാടി വ്യവസായ മന്ത്രി പി.രാജീവ് ഏലൂർ കുറ്റിക്കാട്ടുകരയിൽ ഉദ്ഘാടനം ചെയ്തു. 'ചൈൽഡ് ഫ്രണ്ട്ലി അങ്കൺവാടീസ് ഈൽഡ് ത്രൂ അഡോർമെന്റ് ആൻഡ് മേക്കോവർ" (ചായം ) പദ്ധതിയിൽ ആദ്യഘട്ടത്തിൽ 21 അങ്കണവാടികളാണ് നവീകരിക്കുന്നത്. കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ അങ്കണവാടിക്കും രണ്ടുലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. ഏലൂർ നഗരസഭാ ചെയർമാൻ എ .ഡി. സുജിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, അംബികാ ചന്ദ്രൻ, ടി.എം. ഷെനിൻ, കൗൺസിലർമാരായ പി.എം.അയൂബ്, എസ്. ഷാജി, നിസി സാബു, സെക്രട്ടറി പി.കെ. സുഭാഷ്, ജില്ലാ പ്രോഗ്രാം ഓഫീസർ കെ. സയന എന്നിവർ പങ്കെടുത്തു.