മൂവാറ്റുപുഴ: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ദീപശിഖ ജാഥയ്ക്ക് ഇന്ന് മൂവാറ്റുപുഴയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ഏരിയ സെക്രട്ടറി കെ.പി.രാമചന്ദ്രൻ അറിയിച്ചു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിൽ തെളിയിക്കാനുള്ള ദീപശിഖ മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ ക്യാപ്ടനും ടി.വി. അനിത വൈസ് ക്യാപ്ടനും അഡ്വ.കെ.എസ്. അരുൺകുമാർ മനേജറുമായ ദീപശിഖ ജാഥ ഏരിയ അതിർത്തിയായ മാറാടി മണ്ണത്തൂർ കവലയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.30ന് എത്തിച്ചേരും. തുടർന്ന് നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖ ജാഥയെ ആനയിച്ച് 3ന് മൂവാറ്റുപുഴ നെഹ്റുപാർക്കിൽ എത്തിച്ച് സ്വീകരണം നൽകും. തുടർന്ന് ജാഥയെ ഇരുചക്രവഹനങ്ങളുടെ അകമ്പടിയോടെ കവളങ്ങാട് ഏരിയാഅതിർത്തിയായ വാരപ്പെട്ടിയിൽ എത്തിക്കുമെന്നും ഏരിയാസെക്രട്ടറി അറിയിച്ചു.