കൊച്ചി: ജനാഭിമുഖ കുർബാന അവകാശമായി നൽകുംവരെ സീറോ മലബാർ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് കലൂർ റിന്യൂവൽ സെന്ററിൽ കൂടുന്ന അൽമായ മുന്നേറ്റ മീറ്റിംഗിൽ സമരപരിപാടികൾക്ക് അന്തിമരൂപം നൽകും.
സഭയിലെ ഐക്യംനശിപ്പിച്ച് കുർബാന പരിഷ്കരണം അടിച്ചേൽപ്പിക്കരുതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് ഇടവകകളിൽ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന കർദിനാൾ ജോർജ് ആലഞ്ചേരിയെ ഇനി ഒരിടവകയിലും കടക്കാൻ അനുവദിക്കില്ല. സിനഡ് കുർബാന അർപ്പിക്കുവാൻ വികാരിമാരെയോ വൈദികരെയോ അനുവദിക്കില്ല. ഇടവകകൾ തോറും ലിറ്റർജിക്കൽ ഫോറം രൂപീകരിക്കുവാൻ അൽമായ മുന്നേറ്റവും വൈദികർക്കൊപ്പം കൈകോർക്കുമെന്നും പാസ്റ്ററൽ കൗൺസിൻ സെക്രട്ടറി പി.പി. ജരാർദ്, അൽമായ മുന്നേറ്റം കൺവീനർ അഡ്വ. ബിനുജോൺ, സെക്രട്ടറിമാരായ ജോമോൻ തോട്ടപ്പുള്ളി, ബോബി ജോൺ
റിജു കാഞ്ഞുക്കാരൻ തുടങ്ങിയവർ പറഞ്ഞു.
ആർച്ചുബിഷപ്പിന്
വൈദികരുടെ നിവേദനം
ജനാഭിമുഖ കുർബാന അവസാനിപ്പിക്കുന്നതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് വ്യക്തമാക്കി
ആർച്ചുബിഷപ്പ് ആന്റണി കരിയിലിന് അതിരൂപതയിലെ ഒരുവിഭാഗം വൈദികർ നിവേദനം നൽകി.
ഇക്കാര്യത്തിൽ അതിരൂപതയിലെ വൈദികരും വിശ്വാസികളും കർദിനാൾ ആലഞ്ചേരിയുമായോ സിനഡുമായോ ഒത്തുതീർപ്പിന് തയ്യാറല്ല. ജനാഭിമുഖ കുർബാന നിയമാനുസൃതമാക്കുന്നതുവരെ സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസുമായി നിസ്സഹരിക്കും.
സന്ന്യാസ സഭകളുടെ സൂപ്പീരിയേഴ്‌സിന് കർദിനാൾ ആലഞ്ചേരി അയച്ച കല്പന മാർപാപ്പയുടെ അധികാരത്തെ ചോദ്യംചെയ്യുന്നതാണെന്നും നിവേദനത്തിൽ പറയുന്നു. വൈദികർക്കുവേണ്ടി
അതിരൂപത സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയനാണ് നിവേദനം നൽകിയത്.