വൈപ്പിൻ: വൈപ്പിൻ കരയിലെ എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഒരാഴ്ചയായി വെള്ളക്കെട്ട്. മഴ രൂക്ഷമാകുമ്പോൾ വെള്ളക്കെട്ട് പതിവായിരുന്നുവെങ്കിലും മഴ ഇല്ലാതിരിന്നിട്ടും വെള്ളക്കെട്ടിലാകുന്നത് ഇതാദ്യമാണ്. പുലർച്ചെയാണ് വെള്ളം കയറുന്നത്. ഉച്ച വരെ വെള്ളക്കെട്ട് തുടരും. വേലിയിറക്ക സമയത്ത് വെള്ളം ഒഴിഞ്ഞു പോകുകയും ചെയ്യും.
എടവനക്കാട് കണ്ണുപിള്ളക്കെട്ട് പരിസരം, മൂരിപ്പാടം, താമരവട്ടം, നായരമ്പലം, നെടുങ്ങാട്, കടേകുരിശ്, ഞാറക്കൽ ആറാട്ട് വഴി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. വേലിയേറ്റ സമയത്ത് തോടുകളും ചെമ്മീൻ പാടങ്ങളും നിറഞ്ഞ് സമീപ പ്രദേശങ്ങളിലെ പറമ്പുകളിലേക്കും വഴികളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും വെള്ളം കയറുകയാണ്.
വൃശ്ചിക മാസത്തിൽ വൃശ്ചിക പൊക്കം എന്ന പ്രതിഭാസം ഉണ്ടാകാറുണ്ടെങ്കിലും വീട്ടുമുറ്റങ്ങളിലേക്കും മറ്റും വെള്ളം ഒഴുകി എത്താറുണ്ടായിരുന്നില്ല. ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അതല്ല കൈത്തോടുകൾ മാലിന്യവും മണ്ണും നിറഞ്ഞതുകൊണ്ടാണെന്നും തോട് കയ്യേറ്റം കാരണമാണെന്നും നാട്ടുകാർക്കിടയിൽ വിവിധ അഭിപ്രായമുണ്ട്. ഇടത്തോടുകളുടെയും ചെമ്മീൻ പാടങ്ങളുടെയും വശങ്ങളിൽ സംരക്ഷണ ചിറകൾ ഉയർത്തിയാൽ വെള്ളം കരയിലേക്ക് ഒഴുകുന്നത് തടയാനാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
വെള്ളം ഇറങ്ങുമ്പോൾ വഴികളിലും വീട്ടുമുറ്റങ്ങളിലും അവശേഷിക്കുന്ന മാലിന്യവും ചെളിയും ജനജീവിതം ദുരിതമാക്കുകയാണ്. ആറ്റുനോറ്റ് നട്ടുപിടിപ്പിച്ച പച്ചക്കറി കൃഷിയും ചെടികളുമൊക്കെ ഓരുവെള്ളം കെട്ടി നിന്ന് നശിക്കുകയാണ്.