തൃക്കാക്കര: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സഹകരണവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലയിലെ സഹകാരികളുടെ നേതൃത്വത്തിൽ സഹകാരിസംഗമം നടത്തി. കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്കിനെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള അസൂത്രിതമായ പരിശ്രമങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടേയും സഹകരണ മേഖലയുടേയും നേതൃത്വത്തിൽ ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക കർഷക സഹകരണ സംഘങ്ങളുടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി ബേബി അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എം ശശി, കേരള ബാങ്ക് ഭരണസമിതിഅംഗം അഡ്വ. പുഷ്പദാസ്, പ്രമുഖ സഹകാരികളായ വി.ജെ. പൗലോസ്, ഇ.കെ. സേതു, കെ.എ. ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.