തൃക്കാക്കര: കാക്കനാട് വെച്ച് മോഡലിനെ രണ്ടുദിവസം തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പ്രതി സലിംകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസം പിടിയിലായ പ്രധാനപ്രതി ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി അജ്മലിനെയും സലിംകുമാറിനെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യംചെയ്തു. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചു നിർണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. അജ്മലിനെ ഇടച്ചിറയിലെ ക്രിസ്റ്റീന റെസിഡൻസിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിൽ മറ്റ് പ്രതികളായ ഷമീർ, ഹോട്ടൽ ഉടമ ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്.
ഫോട്ടോ ഷൂട്ടിനായി 28-ാം തീയതി കൊച്ചിയിൽ എത്തിയതായിരുന്നു മലപ്പുറം സ്വദേശിനിയായ യുവതി. ചെമ്പുമുക്ക് ഹോട്ടലിലായിരുന്നു താമസം. ഒറ്റയ്ക്കായതിനാൽ താമസിക്കാൻ സുരക്ഷിതമായ ഹോട്ടൽ തേടിയാണ് പരിചയക്കാരനായ സലിംകുമാറിനെ വിളിക്കുന്നത്. തുടർന്ന് 29ന് കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റെസിഡൻസിയിൽ എത്തി. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഇവിടെ വച്ചായിരുന്നു ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കൂട്ടമാനഭംഗം ചെയ്യുകയും ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തതെന്നാണ് കേസ്.