കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ നടന്നതായി പറയുന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വൈകുന്നേരം ചുറ്റമ്പലത്തിനുള്ളിൽ ശീവേലി എഴുന്നള്ളപ്പു നടക്കുമ്പോൾ കുറേ യുവാക്കൾ തമ്മിൽ അടിപിടി കൂടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് തൃപ്പൂണിത്തുറ ദേവസ്വം ഓഫീസറുടെ പരാതി.
ഇരുവിഭാഗം യുവാക്കളെയും ആർക്കും പരിചയമില്ല. പതിവിന് വിരുദ്ധമായി ഇക്കുറി വൈകുന്നേരത്തെ ശീവേലിക്കും വിളക്കിനും കാണിക്കചടങ്ങുകൾക്കുമെല്ലാം പുറത്തുനിന്നുള്ള ഒട്ടേറെപ്പേർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലും മേളം നടക്കവേ യുവാക്കളെത്തി.
• ഹിന്ദു ഐക്യവേദിയും പരാതി നൽകി
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉൗട്ടുപുര മാളികയിൽ അറബി ലിഖിതങ്ങൾ എഴുതിവച്ചതിനെതിരെ ഹിന്ദുഐക്യവേദി തൃപ്പൂണിത്തുറ മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി അനീഷ്ചന്ദ്രൻ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഴുന്നള്ളിപ്പിനിടെ നടന്ന സംഘർഷവും ഇത്തരം ലക്ഷ്യത്തോടെയാകാമെന്നും ഇതിനെതിരെ ദേവസ്വം ബോർഡോ ഉപദേശകസമിതിയോ രംഗത്തുവരാത്തത് സംശയാസ്പദമാണെന്നും പരാതിയിൽ പറയുന്നു.
കലാപരിപാടികൾ നടക്കുന്ന പൗരാണികമായ ഉൗട്ടുപുര ഹാളിലെ കഥകളി വേദിക്കു പിന്നിലെ മുറിയുടെ മച്ചിലാണ് നീല കളറിലെ പെയിന്റുകൊണ്ട് അറബി വാക്കുകൾ എഴുതിയിരുന്നത്. ഉത്സവവേളയിൽ ഇതിന് സാദ്ധ്യത കുറവാണ്. പെയിന്റിംഗ് നടക്കുമ്പോൾ ചെയ്തതാകാമെന്നും സംശയമുണ്ട്. ലിഖിതങ്ങൾ ദേവസ്വം ബോർഡ് മായ്ച്ചു.