df

കൊച്ചി: ഭൂമി കൈയേറാൻ തക്കം പാത്തിരിക്കുന്നവരെ 'ഔട്ടാക്കാൻ' ഇൻഡോർ സ്റ്റേഡിയമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മഹാരാജാസ് കോളേജ് അധികൃതർ. നവീകരിക്കാൻ തുടങ്ങുന്ന ബാസ്‌കറ്ര് ബാൾ കോ‌ർട്ടടക്കം ഇൻഡോർ ആക്കണമെന്നാണ് ആവശ്യം. കോളേജ് അധികൃതർ ഈ ആവശ്യം ഉന്നതവിദ്യഭ്യാസ ഡയറക്ടർക്ക് കൈമാറി. നേരത്തെ കോളേജ് ഗ്രൗണ്ട് മെട്രോ നിർമ്മാണത്തിനുൾപ്പെടെ താത്കാലികമായി വിട്ടുനൽകിയപ്പോൾ ചെറിയ തോതിൽ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഇതിനു പുറമേയാണ് കൈയേറ്റ ഭീഷണി. ഈ നീക്കങ്ങൾ പ്രതിരോധിക്കാനാണ് ഇൻഡോ‌‌‌ർ സ്റ്റേഡിയം നിർമ്മിച്ച് സ്പോ‌ർട്സ് ഹബ്ബ് ഒരുക്കാൻ കോളേജ് താത്പര്യം അറിയിച്ചത്. പദ്ധതിക്കായി കോടികൾ വേണ്ടിവരും. തീരുമാനം സ‌ർക്കാരിന്റെ കോ‌ർട്ടിലാണെങ്കിലും സ്റ്റേഡിയം യാഥാർത്ഥ്യമായാൽ കോളേജിന് ഗുണം രണ്ടാണ്. സാധാരണക്കാരായ കായിക താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനാകുമെന്നതാണ് ഒന്ന്. കൈയ്യേറ്രം പാടെ ഇല്ലാതാക്കാനാകുമെന്നതാണ് മറ്റൊന്ന്.

 നിലവിൽ പരിശീലന സൗകര്യമുള്ള കായിക ഇനങ്ങൾ

 ക്രിക്കറ്റ്

 ഫുട്ബാൾ

 ഹോക്കി

 ഫെൻസിംഗ്

 ഗുസ്തി

 കബഡി

 തായ്ക്കോഡോ

 വോളിബാൾ

 അത്ലറ്റിക്സ്

 നിലവിലുള്ള സൗകര്യങ്ങൾ

 ഫുട്ബാൾ ഗ്രൗണ്ട്

 സിന്തറ്രിക്ക് ട്രാക്ക്

 ക്രിക്കറ്റ് നെറ്റ്സ്

 വോളിബാൾ കോർട്ട്

 ബാസ്ക്കറ്റ് ബാൾ കോ‌ർട്ട്

( എല്ലാം ശോച്യാവസ്ഥയിൽ )

 ഇൻഡോർ ആയാൽ

 എട്ടിലധികം ഇനങ്ങൾ പരിശീലനം നൽകാം

 കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കാം

 കുറഞ്ഞ നിരക്കിൽ പരിശീലനം നേടാം

 കാലാവസ്ഥ വെല്ലുവിളിയാകില്ല

 ക്ലബുകൾക്കായി സ്റ്റേഡിയം വിട്ടുനൽകാം

 വരുമാനം അറ്റകുറ്രപ്പണികൾക്ക് ഉപയോഗിക്കാം.

 ഇടമില്ലാതായി

ഗുസ്തിയടക്കമുള്ള മത്സരങ്ങളുടെ പരിശീലനം കോളേജ് ഓഡിറ്റോറിയത്തിലാണ് നടത്തിയിരുന്നത്. നവീകരണത്തിനായി ഓഡിറ്റോറിയം പൊളിച്ചതോടെ പരിശീലനം നിലച്ചു. പുതിയെ കെട്ടിടത്തിലെ സീറ്രിംഗ് ക്രമീകരണം പരിശീലനം നടത്താൻ സാധിക്കുന്ന തരത്തിലല്ല. ഇൻഡോർ സ്റ്രേഡിയത്തിന് സ‌ർക്കാ‌ർ അനുമതി നൽകിയാൽ ഗുസ്തിയടക്കം കൂടുതൽ കായിക ഇനങ്ങൾക്ക് പരിശീലനം നൽകാൻ സാധിക്കും.

 ഗ്രൗണ്ടിന് 6.9 കോടി

മഹാരാജാസ് കോളേജ് നവീകരണത്തിന് സ‌ർക്കാ‌ർ 6.9 കോടി രൂപ അനുവദിച്ചിരുന്നു. സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെ പുതുക്കി പണിയും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. 2022 ഡിസംബറിൽ പൂർത്തിയാക്കും. പൊട്ടിപ്പൊളിഞ്ഞ് നാശമായ കോളേജ് ഗ്രൗണ്ട് നവീകരിക്കണമെന്ന ആവശ്യത്തിന് വ‌ർഷങ്ങളുടെ പഴക്കമുണ്ട്. കായിക മന്ത്രി നേരിട്ടെത്തി പ്രശ്നങ്ങൾ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഫണ്ട് അനുവദിച്ചത്. നി‌ർമ്മാണം ഉടൻ തുടങ്ങും. പ്രതിഷേധങ്ങൾക്കൊടുവിൽ ഹോക്കി ഗ്രൗണ്ട് നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.

 നി‌ർദ്ദേശം ഉന്നത വിദ്യഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഇൻഡോ‌ർ സ്റ്റേഡിയത്തിന് സ‌ർക്കാ‌ർ പച്ചക്കൊടി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റീന

എച്ച്.ഒ.ഡി

ഫിസിക്കൽ എഡ്യൂക്കേഷൻ

മഹാരാജാസ് കോളേജ്