കൊച്ചി: ഓട്ടോ- ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് സംയുക്ത മോട്ടോർ തൊഴിലാളി സമരസമിതി. ഉപ്പു തൊട്ട് പെട്രോൾ വരെ എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചിട്ടും ഓട്ടോ ടാക്സി നിരക്കിൽ മാത്രം മാറ്റമുണ്ടായിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഡീസൽ ലിറ്ററിന് 60 രൂപയുണ്ടായിരുന്ന കാലത്തെ അതേ നിരക്കാണ് തങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് അവർ പറയുന്നു. മിനിമം ചാർജ് 30 രൂപയാക്കിയെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നേരത്തെ ഒന്നര കിലോ മീറ്ററിന് 20 രൂപയും അതു കഴിഞ്ഞ് ഓരോ കിലോ മീറ്ററിനും 10 രൂപ വീതവുമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു കിലോ മീറ്ററിന് 30 ഉം അതുകഴിഞ്ഞ് ഓരോ കിലോ മീറ്ററിനും 12 രൂപ വച്ചുമാണ് നിരക്ക്. ടാക്സി കാറുകൾക്ക് അഞ്ചു കിലോ മീറ്ററിന് 175 രൂപയിലാണ് തുടക്കം. രണ്ടു വർഷം മുമ്പ് ഡീസലിന് 60 രൂപയായിരുന്നു. ഇപ്പോൾ അത് 91 ലെത്തി. പെട്രോൾ ലിറ്ററിന് 45 രൂപയായിരുന്നത് നൂറു കടന്നിട്ട് രണ്ടു മാസമായി.

 ചെലവ് ഇരട്ടിച്ചു

ഓട്ടോറിക്ഷ വാഹനനികുതി 100 ൽ നിന്ന് 300 ആയി. ഇൻഷ്വറൻസ് 4000 ൽ നിന്ന് 9000 ആയി. കൺസൾട്ടൻസി ഫീസ് ഉൾപ്പെടെ ടെസ്റ്റിംഗിന് 550 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 950 ആയി. ഒരു ടയറിന്റെ വില 1300 ൽ നിന്ന് 2500 രൂപയായി. അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് വർദ്ധിച്ചു. നേരത്തെ 1000 രൂപയ്ക്ക് ഓടിയാൽ ഡീസൽ ചെലവ് 300 രൂപയിൽ നിൽക്കുമായിരുന്നു. ഇപ്പോൾ 500 രൂപ കിട്ടിയാൽ 300 രൂപയും ഇന്ധനചെലവിലേക്ക് പോകും.

 തൊഴിലാളികൾ പട്ടിണിയിൽ

കൊവിഡിന് ശേഷം ഓട്ടോറിക്ഷ തൊഴിലാളികളുടെ സ്ഥിതി വളരെ മോശമാണ്. പലരും വഴിയോര കച്ചവടക്കാരായി. നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു നീങ്ങാൻ കഴിയില്ല.

വി.എസ്.സുനിൽകുമാർ

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി ) എറണാകുളം മണ്ഡലം പ്രസിഡന്റ്

 ഇന്ധന സബ്സിഡി നൽകണം

പെട്രോൾ,ഡീസൽ, സി.എൻ. ജി ടാക്സി വാഹനങ്ങൾക്ക് ഇന്ധനസബ്സിഡി നൽകണമെന്ന് സെൽഫ് എംപ്ളോയിസ് ഡ്രൈവേഴ്സ് യൂണിയൻ (എസ്.ഇ.ഡി.യു) സെക്രട്ടറി എ.വിജയകുമാർ പറഞ്ഞു.