തൃക്കാക്കര: സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭകളിൽ ഒന്നായ തൃക്കാക്കരയിൽ വിവരാവകാശ അപേക്ഷകളിൽ മറുപടി നൽകാൻ വൈമുഖ്യം. നഗരസഭ കൗൺസിലറാവട്ടെ, സാധാരണക്കാരനാവട്ടെ ആരപേക്ഷിച്ചാലും മറുപടി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് അധികൃതർ. അഥവാ മറുപടി തന്നാലോ ഒന്നിനും ഒരു വ്യക്തതയും ഇല്ലാത്ത മറുപടിയാവും നൽകുക. സാധാരണക്കാരൻ അതിനെ ചോദ്യം ചെയ്‌ത് വീണ്ടും രംഗത്തെത്തില്ലെന്ന ഉറപ്പാണ് ഉദ്യോഗസ്ഥർക്ക് പിൻബലം. കൂടാതെ ഭരണ സമിതിയുടെ പിടിപ്പുകേടും ഉദ്യോഗസ്ഥർ മുതലെടുക്കുന്നുണ്ട്. പണക്കിഴി വിവാദം-കൗൺസിൽ ഹാളിലെ തല്ല് അടക്കം ഭരണ -പ്രതിപക്ഷ കൗൺസിലർമാർക്കിടയിലെ പ്രശ്നങ്ങൾ രൂക്ഷമായി നൽകുന്ന നഗരസഭയിൽ ചെയർപേഴ്സൻ അടക്കമുള്ളവർ സജീവമായി ഭരണകാര്യങ്ങളിൽ ഇടപെടാതെ നിൽക്കുന്നത് തൃക്കാക്കരയിലെ ഭരണ പ്രതിസന്ധിക്ക് കാരണം.
നഗരസഭ കൗൺസിലറായ പി.സി മനൂപ് തൃക്കാക്കരയിൽ ഏറെ വിവാദമായ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് കോടതി ആവശ്യത്തിലേക്കായി ഓണാഘോഷവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ബാങ്കിൽ നിന്നും എടുത്ത തുകയുടെ വിവരങ്ങളും, കണക്കുകൾ സഹിതം ചിലവഴിച്ച തുകയുടെ വിവരങ്ങളും ആവശ്യപ്പെട്ട് ഒക്ടോബറിൽ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് മറുപടി ലഭിക്കാതായതോടെ നവംബറിൽ അപ്പീൽ അപേക്ഷ സമർപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. തൃക്കാക്കര നഗരസഭയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ചെലവഴിച്ച തുകയെക്കുറിച്ചും, കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ചും വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല ആഗസ്റ്റ് മാസത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മറുപടി നൽകാതായതോടെ അപ്പീൽ അപേക്ഷ സമർപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് വിവാദമുയർന്ന ആഗസ്റ്റ് 17 ലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് രാജു മറ്റൊരു അപേക്ഷ നൽകുകയും നൽകാതായതോടെ അപ്പീൽ അപേക്ഷ നൽകിയിട്ടും തീരുമാനമാവാതായതോടെ നടപടിക്കായി മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചിരിക്കുകയാണ്. തൃക്കാക്കരയിലെ വഴിവിളക്കുകൾ സംബന്ധിച്ച് എൻ.ഡി.എ സംസ്ഥാന കമ്മറ്റി അംഗം എം.എൻ ഗിരി വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ഇതേ സമീപനമാണ് ഉദോഗസ്ഥർ സ്വീകരിച്ചത്.
തൃക്കാക്കര നഗരസഭയിൽ വിവരാവകാശ നിയമം അട്ടിമറിക്കുന്നു. സർക്കാർ തലങ്ങളിലെ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് സാധാരണക്കാരന് അറിയുവാനുളള ഏക മാർഗ്ഗം വിവരാവകാശമാണ്.വിവരാവകാശത്തിന് മറുപടി നൽകാത്തത് അഴിമതി മറിച്ചുവക്കാനുളളതുകൊണ്ടാണെന്ന് സംശയിക്കണം.സാധാരണക്കാരൻ നൽകുന്ന അപേക്ഷയിൽ മറുപടി നൽകിയില്ലെങ്കിലും പിന്നീട് പരാതിയുമായി പിന്നോട്ട് പോകാറില്ല. ഈ ഉറപ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് പ്രചോദനം.
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷത്തിൽ മറുപടി നൽകാത്തത് അഴിമതി മൂടിവയ്ക്കാനാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് കണക്കുകൾ ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. എന്നാൽ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭരണ സമതി മനഃപൂർവ്വം പ്രശനങ്ങൾ സ്രഷ്ടിക്കുകയായിരുന്നു.
പി.സി മനൂപ്,
15-ാം വാർഡ് കൗൺസിലർ