rema-sajeev

കൊച്ചി: നാട്ടിൻപുറത്തുകാരിയായ വീട്ടമ്മ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചലച്ചിത്രം 'ചിരാത്' ഡിസം. 23ന് ഒ.ടി.ടി.പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിൽ എത്തുന്നു. കൂത്താട്ടുകുളം കാക്കൂർ സ്വദേശി രമ സജീവനാണ് (52) ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന മീര എന്ന യുവതിയുടെ കഥയുമായി എത്തുന്നത്. ജീവിതത്തിലെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും തളരാതെ അവ തരണം ചെയ്യുമ്പോൾ മാത്രമാണ് മനുഷ്യൻ ഇവിടെ ജയിക്കുന്നത് എന്നാണ് രമ സജീവൻ സിനിമയിലൂടെ പറയുന്നത്‌. ആർട് പോയിന്റ് ക്രിയേഷൻസിന്റെ ബാനറിൽ മകൻ നിതിൻ സജീവനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ടെലിവിഷൻ താരങ്ങളും പുതുമുഖങ്ങളുമാണ് അഭിനേതാക്കൾ.

 രമ സജീവൻ

രമയുടെ യഥാർത്ഥ ജീവിതവും ഒരു ഒറ്റപ്പെടലിന്റെ കഥയാണ്. ഭർത്താവിന്റെ മരണശേഷം രണ്ട് കൈക്കുഞ്ഞുങ്ങളുമായി പകച്ചുനിന്ന രമ ചെറുപ്പത്തിൽ ശീലിച്ച ചിത്രരചനയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. പത്താംക്ലാസുവരെ പഠിച്ചിട്ടുള്ള രമ ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എങ്കിലും ജീവിതമെന്ന യാഥാർത്ഥ്യത്തിന് മുമ്പിൽ പകച്ചുനിൽക്കാതെ ബ്രഷും പെയിന്റുമായി കാൻവാസിൽ അഭയം തേടുകയായിരുന്നു. അയൽപക്കത്തെ വീട്ടമ്മയുടെ ചിത്രമാണ് ആദ്യം വരച്ചത്. അതിന് 5000 രൂപ പ്രതിഫലം കിട്ടി. പിന്നീട് പോർട്രേറ്റുകളും സീനറിയും യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴവുമൊക്കെയായി രമ വരച്ചുകൂട്ടിയ 100 കണക്കിന് ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ജീവിതം പച്ചപിടിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഭാരിച്ചസാമ്പത്തിക ബാദ്ധ്യതകളൊക്കെ മറികടന്നത് ചിത്രം വരയിലൂടെ സമ്പാദിച്ച പണം കൊണ്ടാണ്. ഏകാന്തമായി ചിത്രരചനയിൽ മുഴുകിയിരുന്ന ഏതോ ഒരു നിമിഷത്തിലാണ് കഥയെഴുതാനും ആ കഥ സിനിമയാക്കാനുമുള്ള തീരുമാനം എടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ നിരവധിപ്പേർ സഹായിച്ച് രമയുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.