socialissu
വിവിധ നക്ഷത്രങ്ങൾ ക്രിസ്തുമസ് പാപ്പ ഉടുപ്പ് വടി എന്നവയെല്ലാം മൂവാറ്റുപുഴയിലെ വില്പന ശാല

മൂവാറ്റുപുഴ: ഒന്നര വർഷമായി തുടരുന്ന കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ ഉണർന്ന ക്രിസ്തുമസ് വിപണിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് മൂവാറ്റുപുഴയിലെ വ്യാപാരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൈനാപ്പിൾ അടക്കമുള്ള കാർഷിക വിളകൾക്ക് വില വർദ്ധിച്ചത് കിഴക്കൻമേഖലയിലെ ക്രിസ്‌മസ് വിപണിയെ സജീവമാക്കിയിട്ടുണ്ട്. എങ്കിലും ജനങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വില കൂടിയ നക്ഷത്രങ്ങൾ അടക്കമുള്ളവ വാങ്ങാൻ വിമുഖത കാണിക്കുകയാണന്ന് വ്യാപാരികൾ പറഞ്ഞു. വില കുറഞ്ഞവയ്ക്കാണ് ഇക്കുറി ഡിമാൻഡ്. ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ, പുൽക്കൂട്, അലങ്കാര ദീപങ്ങൾ അടക്കമുള്ളവയ്ക്ക് ഇക്കുറി വലിയ വിലവർദ്ധനവൊന്നുമില്ല. വൈവിദ്ധ്യമാർന്ന അലങ്കാര വസ്തുക്കൾ അടക്കമുള്ള ചൈനീസ് നിർമ്മിതികളും എത്തിയിട്ടുണ്ട് . പണ്ടുകാലത്തെ കടലാസ് നക്ഷത്രങ്ങളും ഇക്കുറി കൂടുതലായി എത്തിയിട്ടുണ്ട്. മിന്നുന്ന എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്.170 രൂപ മുതൽ 600 രൂപ വരെയാണ് വില. ക​ട​ലാ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് 60 രൂപ മുതൽ 300 രൂപ വരെ വി​ല​യുണ്ട്. വർഷങ്ങളായി മൂവാറ്റുപുഴയുടെ നിരത്തുകൾ കൈയ്യടക്കിയിരുന്ന കാസർഗോഡ് ഉപ്പള സ്വദേശികൾ തന്നെയാണ് ഇത്തവണയും ക്രിസ്മസ് വഴിയോര കച്ചവടത്തിനായി ആദ്യം എത്തിയത്. കച്ചേരിത്താഴത്ത് വഴിയോരത്ത് നിർമ്മിച്ചിരിക്കുന്ന ടെന്റിലാണ് വില്പന.150, 200, 250 എന്നീ ക്രമത്തിലാണ് വില. കണ്ണിനെ മയക്കുന്ന നക്ഷത്രങ്ങൾ നിർമ്മിക്കുന്നതും ഇവർ തന്നെയാണ്. ഞൊടിയിടയിലാണ് ഇവരുടെ നിർമ്മാണം. ലേസർ കട്ടിംഗ് നക്ഷത്രങ്ങളാണ് ഇതിലേറെയും.