മൂവാറ്റുപുഴ: സുമ സന്തോഷിന്റെ കുടുംബത്തിന് കൈത്താങ്ങായി നിർമ്മല അലുമ്നി അസോസിയേഷൻ ഒഫ് മൂവാറ്രുപുഴ (എൻ.എ. എ.എം 88). വാളകം പഞ്ചായത്തിലെ കടാതിയിൽ താമസിക്കുന്ന മുള്ളാനിക്കുടി സുമ സന്തോഷിന്റെ ഭർത്താവ് സന്തോഷ് മൂന്ന് വർഷം മുമ്പ് മരിച്ചു. സന്തോഷ് കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരനായിരുന്നു. സന്തോഷിന്റെ പ്രായമായ അമ്മയും രോഗിയും അവിവാഹിത ആയ സഹോദരിയും കടാതി എൽ.പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ നവമി സന്തോഷും അടങ്ങുന്ന 4 സ്ത്രീകൾ താമസിക്കുന്നത് അടച്ചുറപ്പ് ഇല്ലാത്ത വീട്ടിലായിരുന്നു. എം.പാനൽ ജീവനക്കാരനായിരുന്നതിനാൽ യാതൊരുവിധ ആനൂകൂല്യവും കെ.എസ്.ആർ.ടി.സിയിൽ നിന്നും ലഭിച്ചില്ല. സുമ പെട്രോൾ പമ്പിൽ താത്കാലിക ജോലിചെയ്ത് ലഭിക്കുന്ന വരുമാനം മാത്രമാണ് ഇവരുടെ ജീവിതമാർഗം. ചോർന്നൊലിക്കാത്ത വീട്ടിൽ താമസിക്കാൻ കഴിയണേയെന്ന ആഗ്രഹം മാത്രമേ ഇവർക്കുണ്ടായിരുന്നുള്ളൂ. ഇതറിഞ്ഞാണ് എൻ.എ. എ.എം88 ഇൗ കുടുംബത്തെ സഹായിക്കുവാൻ തീരുമാനിച്ചതെന്ന് സംഘടനയുടെ പ്രസിഡന്റ് ഒ.വി.അനീഷ് പറഞ്ഞു.
സന്തോഷിന്റെ മകളുടെ പഠനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വീടിന്റെ ട്രസ് വർക്ക് ചെയ്ത് പെയിന്റിംഗ് ജോലികൾ പൂർത്തീകരിച്ച് ടോയ്ലറ്റ് ഉൾപ്പെടെ നിർമ്മിച്ചുകൊണ്ട് വീടിന്റെ നവീകരണം പൂർത്തിയാക്കി. നവീകരിച്ച ഭവനത്തിന്റെ താക്കോൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സന്തോഷിന്റെ മാതാവിന് കെെമാറി. എൻ.എ.എ.എം പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ് അദ്ധ്യക്ഷനായി. വാളകം പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ, അംഗങ്ങളായ ബിനോ കെ. ചെറിയാൻ, അബ്രഹാം, റവ.ഫാ ആന്റണി പുത്തൻകുളം, സെക്രട്ടറി വിനോദ് ബാബു, ട്രഷറർ സോണി മാത്യു , വൈസ് പ്രസിഡന്റ് സി.സി. ജോർജ്ജ്, ജെറി തോമസ് തുടങ്ങിയവർ സംസാരിച്ചു.