പെരുമ്പാവൂർ: കാലടി പാലം അടച്ചതിനാൽ ബദൽ മാർഗമായി നിശ്ചയിച്ചിരിക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ തകൃതി. പെരുമ്പാവൂരിൽ നിന്നു വരുന്നവർ തിരിഞ്ഞു പോകാൻ നിർദേശിച്ചിരിക്കുന്ന വല്ലം -കോടനാട് റോഡിലാണു അറ്റകുറ്റപ്പണി. കുറിച്ചിലക്കോട് കവല മുതൽ കോടനാട് പാലം വരെയുള്ള കുഴികളാണ് അടച്ചത്. കാലടി പാലം കഴിഞ്ഞ സെപ്റ്റംബറിൽ അറ്റകുറ്റപ്പണിക്കായി അടച്ചപ്പോൾ പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കോടനാട് മലയാറ്റൂർ പാലം വഴിയാണു പോയത്. റോഡിൽ കുഴികളായിരുന്നതിനാൽ അന്നു ഗതാഗതക്കുരുക്കനുഭവപ്പെട്ടു. നാട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടായി.

അങ്കമാലി ഭാഗത്തു നിന്ന് പെരുമ്പാവൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ടു തിരിഞ്ഞു മലയാറ്റൂരിലെത്തി കോടനാട്‌വല്ലം റോഡിലൂടെ യാത്ര തുടരാനാണു നിർദ്ദേശം. മൂവാറ്റുപുഴ ഭാഗത്തു നിന്ന് അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ പെരുമ്പാവൂരിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു കെ.എസ്.ആർ.ടി.സി റോഡിലൂടെ ആലുവയിലെത്തി അങ്കമാലിയിലേക്കു പോകണം. പെരുമ്പാവൂർ ഭാഗത്തു നിന്ന് അങ്കമാലി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞു വല്ലം-കോടനാട് റോഡിലുടെ മലയാറ്റൂർ കോടനാട് പാലം വഴി മലയാറ്റൂരെത്തി കാലടി വഴി പോകണം.

മൂവാറ്റുപുഴ ഭാഗത്തു നിന്നു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പെരുമ്പാവൂരിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു ആലുവ പെരുമ്പാവൂർ- കെ.എസ്.ആർ.ടി.സി റോഡിലൂടെ മഹിളാലയം തുരുത്തുപാലം കടന്ന് ചൊവ്വര-നെടുവന്നൂർ -ആവണംകോട് വഴി പോകണം. ആലുവ- പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ മാറമ്പിള്ളിയിൽ വലത്തോട്ടു തിരിഞ്ഞു തിരുവൈരാണിക്കുളം പാലം വഴി കാഞ്ഞൂരിലെത്തി ചൊവ്വര-നെടുവന്നൂർ ആവണംകോട് റോഡിലൂടെ വിമാനത്താവളത്തിൽ എത്താം.