kac
കച്ചേരിക്കുന്ന റോഡ് പൊലീസ് അടച്ചുകെട്ടിയ നിലയിൽ.

പെരുമ്പാവൂർ: കച്ചേരിക്കുന്ന് റോഡ് ശബ്ദരഹിതമാക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയതോടെ റോഡ് അടച്ചുകെട്ടി പൊലീസ്. പോക്‌സോ കേസ് ഉൾപ്പെടെ വിധിപറയുന്ന പെരുമ്പാവൂർ സ്‌പെഷ്യൽ സെഷൻസ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. കോടതി സമുച്ചയത്തിനും പൊലീസ് സ്റ്റേഷനും ഇടയിലൂടെയാണ് കച്ചേരിക്കുന്ന് റോഡ്. പോക്‌സോ കേസുകളിൽ കുട്ടികളുടെ മൊഴിയെടുക്കുന്ന അവസരങ്ങളിൽ റോഡിലെ ഗതാഗതത്തിരക്കും ഹോൺ ശബ്ദവും തടസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കോടതി നിർദ്ദേശം. ഇതോടെ റോഡിൽ വൺവേയായും ചിലദിവസങ്ങളിൽ പൂർണമായും നിയന്ത്രണമേർപ്പെടുത്തി. കോടതി റോഡിനെ എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന 200 മീറ്റർ ദൂരമുള്ള ബൈപ്പാസാണ് കച്ചേരിക്കുന്ന് റോഡ്.

ഡിവൈ.എസ്.പി. ഓഫീസ്, പോസ്റ്റ് ഓഫീസ്, ബി.എസ്.എൻ.എൽ., അഭിഭാഷകരുടെ ഓഫീസുകൾ എന്നിവ റോഡിന് ഇരുവശമായി പ്രവർത്തിക്കുന്നു. 2015ൽ പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചപ്പോഴാണ് ഇതുവഴി റോഡ് നിർമിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന താലൂക്ക് ഓഫീസും രജിസ്ട്രാർ ഓഫീസും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. എ.ഇ.ഒ. ഓഫീസ് ഗവ. ബോയ്സ് സ്‌കൂളിന് സമീപം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ കോടതി സമുച്ചയത്തിന് മുന്നിലായുള്ള ബാക്കി സ്ഥലം കാടുകയറിക്കിടക്കുകയാണ്.

കോടതി റോഡിൽ നിന്ന് എം.സി റോഡിലെ കാലടി കവലയിലേക്കും എം.സി റോഡിൽ നിന്നു നഗരസഭ ഓഫിസിനു മുമ്പിലേക്കും പോക്കുവരവിനു ജനങ്ങൾ ഉപയോഗിച്ചിരുന്നതാണ് വഴി. തിരക്കേറിയ ഔഷധി കവലയിൽ എത്താതെ പോകാനുള്ള വഴിയാണിത്.

റോഡിൽ മുന്നറിയിപ്പ് ഇല്ലാതെയും നിശ്ചിതസമയനിയന്ത്രണങ്ങൾ ഇല്ലാത്തത് മൂലം സാധാരണക്കാർക്ക് ബുദ്ധിമുട്ടാവുകയാണ്. ഇവിടം അടച്ചതോടെ അപകടമേഖലയായ ഔഷധി ജംഗ്ഷനിലും മുനിസിപ്പൽ ഓഫീസ് പരിസരത്തും തിരക്ക് വർദ്ധിക്കുന്നത് വാഹനകാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ഫലപ്രദമായ നിയന്ത്രണങ്ങൾ നടപ്പാക്കിയോ ഇതുവഴിയുള്ള യാത്ര അനുവദിക്കണമെന്ന് ആവശ്യം ഉയരുകയാണ്.