കൊച്ചി: ഇടപ്പള്ളി റെയിൽവേ അടിപ്പാത ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് പൂവണിയുന്നതെന്ന് എം. പി പറഞ്ഞു. പ്രതിസന്ധികൾക്കൊടുവിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും എം. പി പറഞ്ഞു. അടിപ്പാതയിലെ ഗതാഗത ഗുരുക്ക് ഒഴിവാക്കുന്നതിനുള്ള സിഗ്‌നൽ ലൈറ്റുകൾ ഉടൻ സ്ഥാപിക്കുമെന്നും എം.പി പറഞ്ഞു.
4 മീറ്റർ വീതിയും 2.5 മീറ്റർ ഉയരവുമുണ്ട് പാതയ്ക്ക്. പ്രതികൂല കാലവസ്ഥയും കൊവിഡ് മഹാമാരിയുമെല്ലാം പദ്ധതി വൈകുന്നതിന് കാരണമായി. ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ പദ്ധതി പൂർത്തീകരണത്തിന് കാരണമായി. ഹൈബി ഈഡൻ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. കേന്ദ്ര മന്ത്രിയുമായും റെയിൽവേ അധികൃതരുമായും നിരവധി കൂടിക്കാഴ്ച്ചകൾ നടത്തി. അതിന് ശേഷമാണ് പദ്ധതി യഥാർഥ്യമാകുന്നത്.
ടി. ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചികിത്സയിലിരിക്കുന്ന പി.ടി. തോമസ് എം.എൽ.എ ഓഡിയോ സന്ദേശം നൽകി. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ,മുൻ എം. പി പ്രൊഫ. കെ.വി. തോമസ്, കൗൺസിലർമാരായ ദീപ വർമ്മ, അംബിക സുദർശൻ, പയസ് ജോസഫ്, റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുധാകർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബാബു സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു.