ആലങ്ങാട്: പത്തു വർഷത്തോളമായി തകർന്നു കിടക്കുന്ന കരുമാലൂർ തടിക്കക്കടവ് നമ്പ്യാട്ട് മൊക്കത്ത് കടവ് റോഡിനു ശാപമോക്ഷം തേടുകയാണ് നാട്ടുകാർ. നമ്പ്യാട്ട് പള്ളത്ത് കവല മുതൽ ആലുങ്കൽ അമ്പലം വരെയുള്ള റോഡിൽ ടാറിംഗ് പേരിനുമാത്രമായി. അരികുകളിൽ കാടും വളർന്നു. മഴ പെയ്താൽ വെള്ളക്കെട്ടും വെയിലായാൽ പൊടിശല്യവും. മെറ്റലിളകിയ റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്കു പരുക്ക് പതിവാണ്. യു.സി കോളേജ്, നെടുമ്പാശേരി എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമായി ജനങ്ങൾ ഉപയോഗിക്കുന്ന വഴിയുടെ ശോചനീയാവസ്ഥ നാട്ടുകാർക്ക് ദുരിതമാവുകയാണ്. പരാതികൾ ഏറെ നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് നജീബ് പള്ളത്ത് പറഞ്ഞു. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് പ്രവാസി കോൺഗ്രസ്.