
പള്ളുരുത്തി: വൃശ്ചിക വേലിയേറ്റം ശക്തമായതോടെ കൊച്ചിയുടെ തീരപ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളകെട്ടിൽ. കുമ്പളങ്ങി , പെരുമ്പടപ്പ് ഇടകൊച്ചി, അരൂർ, മുണ്ടംവേലി, മാനാശേരി, ചിറക്കൽ, ഭാഗങ്ങളിലെല്ലാം ഓരുവെള്ളം കയറി. ഇടറോഡുകളും കാനകളും നിറഞ്ഞ് വീടുകളുടെ മുറികൾ വരെ ഒഴുകിയെത്തി. കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് കേത്രമുറ്റവും വെള്ളത്തിലാണ്. പല തവണ മണ്ണിട്ടു ഭൂമിപൊക്കിയിട്ടും വേലിയേറ്റ കാഠിന്യം മൂലം ക്ഷേത്രപരിസരം വെള്ളക്കെട്ട് ഭീഷണിയിലാണെന്ന് ക്ഷേത്രം സെക്രട്ടറി ജയഹർഷൻ പറഞ്ഞു. കാനകളിലെ മാലിന്യവും നീക്കം ചെയ്യണം. ജനത്തിന് പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.ഡിവിഷൻ കൗൺസിലർ ഇടപെട്ട് പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.