കുറുപ്പംപടി: കീഴില്ലം കുറിച്ചിലക്കോട് റോഡിൽ തട്ടാം പുറത്ത്പടിയിൽ സമയം തെറ്റിക്കുകയാണ് കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. മൈത്രി റസിഡൻസ് അസോസിയേഷൻ പൊതുജനങ്ങൾക്കായി സ്ഥാപിച്ചിരിക്കുന്ന ബസ് സമയം സൂചിപ്പിച്ചു കൊണ്ടുള്ള സമയ സൂചികാ ബോർഡ് മറച്ചാണ് കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയുടെ പരസ്യബോർഡ്. ജനത്തിന് മാതൃക കാട്ടേണ്ട ജനപ്രതിനിധികൾ തന്നെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് നാട്ടുകാരെ ചൊടിപ്പിക്കുകയാണ്. നിരവധി ആളുകളാണ് സ്റ്റോപ്പിൽ ബസ് കയറുന്നതിനായി വന്നു പോകുന്നത്. മേതല, നെല്ലിമോളം, മൂവാറ്റുപുഴ, കോലഞ്ചേരി ഭാഗങ്ങളിലേക്ക് പെരുമ്പാവൂരിൽ നിന്നും തിരിച്ചും വരുന്ന ബസുകളുടെ സമയം സൂചിപ്പിച്ചിരിക്കുന്ന ബോർഡാണിത്. ബോർഡ് മറച്ചിരിക്കുന്നത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.