കോതമംഗലം: ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് കഴിഞ്ഞ റോഡ് രണ്ടു മാസമായപ്പോഴേക്കും പൈപ്പ് പൊട്ടി റോഡിനു നടുവിലൂടെ വെള്ളം ഒഴുകിത്തുടങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ ജംഗ്ഷനിലാണ് സംഭവം. ആധുനിക നിലവാരത്തിൽ പണിത റോഡ് കുത്തിപ്പൊളിച്ച് പൈപ്പിന് ചോർച്ച അടയ്ക്കേണ്ട അവസ്ഥയിലാണ്. കോതമംഗലം നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ ചെയ്യുന്ന എല്ലാ റോഡുകളിലും ഇതേ അവസ്ഥ തന്നെയാണ് വരാൻ പോകുന്നത്. ബി.എം.ബി.സി ടാറിംഗ് പൂർത്തിയാക്കിയ കോട്ടപ്പടി -ഇരുമലപ്പടി റോഡിൽ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം ചോർന്നു പോയിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് വാട്ടർ അതോറിട്ടി തന്നെ റോഡ് കുത്തിപ്പൊളിച്ച് ചോർച്ച അടച്ചു. ആധുനിക നിലവാരത്തിൽ പൂർത്തിയാക്കിയ റോഡ് റോഡ് പണി കഴിഞ്ഞ ഉടനെ തന്നെ കുത്തി പൊളിക്കുന്നത് നാട്ടുകാരുടെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട് . റോഡ് ക്രോസ് പോയി ചെയ്തു പോകുന്ന വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പുകൾക്ക് ടാറിംഗ് സമയത്ത് വലിയ റോഡുറോളറുകൾ പോകുമ്പോഴും ആധുനിക രീതിയിലുള്ള വൈബ്രേറ്റർ മെഷീൻ പ്രവർത്തിക്കുമ്പോഴും തകരാർ സംഭവിക്കുന്നതിലാണ് വെള്ളം ഉറവ പോലെ റോഡിൽ നിന്ന് വരുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധ അഭിപ്രായം.