kadakkara-veedu-
കടക്കര പ്രദേശത്തെ വീടുകളിൽ വേലിയേറ്റത്തിൽ വെള്ളംകയറിയപ്പോൾ.

പറവൂർ: ശക്തമായ വേലിയേറ്റത്തിൽ ഏഴിക്കര പഞ്ചായത്തിലെ കടക്കര മേഖലയിൽ റോഡുകളിലും പറമ്പുകളിലും വെള്ളത്തിലായി. വീടുകളുടെ മുറ്റത്ത് വെള്ളംകയറിയതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. വൃശ്ചികമാസങ്ങളിൽ കൂടുതൽ വേലിയേറ്റം ഉണ്ടാകാറുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതലാണ്. ഓരോ വർഷവും വേലിയേറ്റം കൂടിവരുന്നതിൽ ഈ പ്രദേശത്തുള്ളവർ ആശങ്കയിലാണ്. ദിവസവും രണ്ടു നേരം വെള്ളം കയറും. വീരൻപുഴയുടെ തീരത്തുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറുന്നത്. ഏഴിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ഈ അവസ്ഥയാണ്. കടക്കര പുളിയാമ്പിള്ളി റോഡിൽ വേലിയേറ്റ സമയത്ത് ഒരു അടിയോളം വെള്ളമുണ്ടാകും. ഈ സമയത്ത് നടന്നുപോകാൻ സാധിക്കില്ല. ബൈക്കിലും ഇതിലൂടെ പോകാൻ വളരെ ബുദ്ധിമുട്ടേണ്ടതായിവരും. വെള്ളം കയറിയതോടെ റോഡുകൾ തകർന്നിട്ടുണ്ട്. വെള്ളം ഇറങ്ങിയാലും റോഡ് തകർന്നു കിടക്കുന്നതിനാൽ ഓട്ടോറിക്ഷ വിളിച്ചാൽ വരാത്ത അവസ്ഥയിലാണ്. ആഴ്ചകളായി വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് കടക്കര പ്രദേശത്തുള്ളവർ. ഈ പ്രദേശത്തെ റോഡുകളുടെ ഉയരം കൂട്ടിയാൽ മാത്രമേ ഭാവിയിൽ വേലിയേറ്റ സയമത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലും. വെള്ളം കയറിയതോടെ ജോലി ചെയ്യാൻ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ കടക്കര പ്രദേശത്തുള്ളവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.