photo
വെള്ളം കയറിയ എടവനക്കാട്ടെ വീട്ടുമുറ്റം

വൈപ്പിൻ: വൈപ്പിൻ കരയിൽ കൊച്ചി കോട്ടപ്പുറം കായലിൽ നിന്ന് തീരപ്രദേശങ്ങളിലേക്ക് വെള്ളം കയറി പറമ്പുകളും വീട്ടുമുറ്റങ്ങളും ഇടറോഡുകളും വെള്ളക്കെട്ടിലാകുന്നത് ഒരാഴ്ചയായി തുടരുകയാണ്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ കിഴക്കൻ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് തുടരുന്നത്. എടവനക്കാട് പഞ്ചായത്തിൽ പടിഞ്ഞാറൻ മേഖലയും വെള്ളത്തിൽ മുങ്ങി.
വീട്ടുമുറ്റങ്ങളിൽ സൂക്ഷിക്കുന്ന ഇരുചക്രവാഹനങ്ങളൊക്കെ ദിവസങ്ങളോളം ഉപ്പു വെള്ളം കയറിയതിനാൽ അറ്റുകുറ്റ പണികൾക്കായി വർക്ക് ഷോപ്പുകളിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. കായലോരത്ത റീട്ടെയിനിംഗ് വാൾ ഇല്ലാത്തിടത്ത് മാത്രമാണ് മുമ്പ് വെള്ളം കയറിയതെങ്കിൽ ഇപ്പോൾ റീട്ടെയിനിംഗ് വാൾ ഉള്ളിടത്തും ഭിത്തി കവിഞ്ഞ് വെള്ളം കരയിലേക്ക് കയറുകയാണ്.

പുലർച്ചെ 5.30 മുതൽ കയറുന്ന വെള്ളം രാവിലെ11 മണിയോടെ ഇറങ്ങി തുടങ്ങും. വേലിയേറ്റത്തിൽ കയറി വരുന്ന മാലിന്യവും ചെളിയുമെല്ലാം മുറ്റത്തും വഴികളിലും പറമ്പുകളിലും അവശേഷിക്കുകയും ചെയ്യും. ചെളി നീക്കം ചെയ്യുന്നതും ഭാരിച്ച പണിയായി മാറുകയാണ്. മാലിന്യവും ചെളിയും നീക്കം ചെയ്യുന്നത് ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പൊക്കാളി പാടങ്ങളിൽ ചെമ്മീൻ കൃഷി ആരംഭിച്ച് അധിക നാളുകൾ ആകുന്നതിന് മുൻപേയാണ് കെട്ടുകൾ വെള്ളം നിറഞ്ഞ് പുറത്തേക്ക് പോകുന്നത്. ഈ പോക്കിൽ പാടങ്ങളിലെ ചെമ്മീൻ മത്സ്യ കുഞ്ഞുങ്ങളും പുറത്തേക്ക് പോകുന്നത് ചെമ്മീൻ കെട്ടുകൾ പാട്ടത്തിനെടുത്തവർക്ക് വലിയ നഷ്ടമാണ് വരുത്തി വെക്കുന്നത്.

പള്ളിപ്പുറം പഞ്ചായത്തിലെ കോവിലകത്തും കടവ്, വാരിശ്ശേരി, തൃക്കടക്കാപ്പിള്ളി തീരങ്ങളിലും വെള്ളം കയറി. പറമ്പുകളിൽ നിന്ന് തോടുകളിലേക്കും കായലിലേക്കും വെള്ളം ഒഴുകി പോകുന്നതിന് സ്ഥാപിച്ചിട്ടുള്ള കുഴലുകൾ വഴിയാണ് ഇപ്പോൾ തിരിച്ച് വെള്ളം കയറി തീരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കത്തിന് ഏകാദശി നാളായ ഇന്നത്തോടെ അറുതിയാകുമെന്നാണ് മുതിർന്നവരുടെ വിലയിരുത്തൽ. ഏകാദശിക്ക് ശേഷം കടലിൽ നിന്നുള്ള വേലിയേറ്റത്തിന് ശക്തി കുറയുമെന്നും കരുതുന്നു.