കൊച്ചി: ഡി.ജെ പാർട്ടിക്ക് ഹാൾ വിട്ടുനൽകിയാൽ മാത്രം പോരാ. കാതടപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയിൽ നടക്കുന്ന നിശാപാർട്ടികളിൽ ലഹരിഉപയോഗം ഇല്ലെന്നുകൂടി ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഡി.ജെ പാർട്ടി നടത്തിപ്പുകാരോടൊപ്പം ഹോട്ടൽ ഉടമയും അകത്താകും. അനുമതിയില്ലാതെ ഹോട്ടലുകളിൽ നടക്കുന്ന ലഹരിപ്പാർട്ടികൾക്ക് കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് കൊച്ചി സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി.
മയക്കുമരുന്ന് ഉപയോഗം തടയാൻ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹോട്ടലുടമകൾക്ക് ഉടൻ നോട്ടീസ് നൽകും. പൊലീസ് ആക്ടിലെ 67വകുപ്പ് പ്രകാരമാണ് നോട്ടീസെന്നാണ് അറിയുന്നത്.
മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിന്റെ അന്വേഷണത്തിൽ കൊച്ചിയിലെ ഹോട്ടലുകളിൽ അതീവരഹസ്യമായി ഡി.ജെ. പാർട്ടികൾ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈവർഷം ഏപ്രിലിൽ കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിൽ എക്സൈസും കസ്റ്രംസും നടത്തിയ മിന്നൽറെയ്ഡിൽ ഡിസ്കോ ജോക്കി (ഡി.ജെ) അടക്കം മൂന്നുപേരെ ലഹരിമരുന്നുമായി അറസ്റ്റുചെയ്തിരുന്നു. തുടർന്ന് എക്സൈസ് നിരവധിപ്പേരെ ചോദ്യംചെയ്യുകയും ഹോട്ടലുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ പരിശോധനയെല്ലാം നടക്കെ ഹോട്ടലുകളിൽ രഹസ്യമായി ഡി.ജെ പാർട്ടികൾ സംഘടിപ്പിച്ചത് അതീവഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
പുതിയനീക്കം
• ഡി.ജെ. പാർട്ടിക്ക് ഹോട്ടൽ ഉടമയ്ക്കും ഉത്തരവാദിത്വം
• മയക്കുരുന്ന് ഉപയോഗം തടയാൻ ശ്രമിക്കണം
• വിവരങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകും
• എൻ.സി.ബി കേസുകളിലും നോട്ടീസ് ബാധകം
വിവരം ശേഖരിച്ചു
രഹസ്യമായി ഡി.ജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുകളുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരിൽനിന്ന് മൊഴിയെടുത്തേക്കും. മോഡലുകളുടെ മരണത്തിന് പിന്നാലെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിൽ ഉൾപ്പെട്ടവരെ ചങ്ങലപോലെകോർത്ത് കേസ് കടുപ്പിക്കാനാണ് പൊലീസ് തീരുമാനം.
ഡി.ജെ. പാർട്ടികളെക്കുറിച്ച് പൊലീസിനെ കൃത്യമായി അറിയിക്കണം. ഇത്തരം പാർട്ടികളിൽ ലഹരി ഉപയോഗം പാടേ ഇല്ലാതാക്കുകയാണ് ലക്ഷ്യം
ഐശ്വര്യം ഡോംഗ്റെ,
ഡി.സി.പി,
കൊച്ചി സിറ്രി പൊലീസ്.