കൊച്ചി: പ്രതിപക്ഷവും പൊതുജനവും ചോദിക്കുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ കെ. റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും വില്ലേജുകളിലും ജനകീയ സമിതികൾ രൂപീകരിച്ച് കക്ഷിരാഷ്ട്രീയമില്ലാതെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ. റെയിൽ പദ്ധതിക്കെതിരെ എറണാകുളം ഡി.സി.സി നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്യമായ പാരിസ്ഥിതിക സാമൂഹിക ആഘാതപഠനങ്ങളും സാമ്പത്തിക അവലോകനങ്ങളുമില്ലാതെ നടപ്പാക്കുന്ന കെ. റെയിൽ കേരളത്തിന്റെ വികസനത്തിന്റെ അന്ത്യം കുറിക്കും. പെൻഷനുകൾപോലും നൽകാൻ കഴിയാത്ത സർക്കാർ വലിയ കടമെടുപ്പിലൂടെ കേരളത്തിന്റെ ഭാവിവികസനത്തിന്റെ ചരമക്കുറിപ്പാണ് സംഭവിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
സി.ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ കെ. ബാബു, ടി.ജെ വിനോദ്, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, യു.ഡി.എഫ് ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, കെ.പി.സി.സി നേതാക്കളായ കെ.വി. തോമസ്, കെ.പി. ധനപാലൻ, പി.ജെ. ജോയി, കെ.പി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.