ആലുവ: ആലുവ നഗരസഭയിലെ കോൺഗ്രസ് ഭരണത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച നഗരസഭ മാർച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി കവലയിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭ കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി. ബലം പ്രയോഗിച്ച് നഗരസഭയ്ക്കകത്ത് കയറിയ എൻ.ഡി.എഫ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് തള്ളിക്കയറി.
നൂറാം വർഷത്തിലെത്തിയ നഗരസഭയെ എ ഗ്രേഡിൽ നിന്നും സി ഗ്രേഡിലേക്ക് തരം താഴ്ത്തുന്ന നടപടിയിൽ നിന്ന് ഭരണാധികാരികൾ പിന്മാറണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എ. അബ്ദുൾ കെരിം അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, നേതാക്കളായ പോൾ വർഗീസ്, വി.വി. ജോഷി, കെ.കെ. ജയപ്രകാശ്, ജയ്‌സൺ പാനികുളങ്ങര, പി. നവകുമാരൻ, രാജീവ് സക്കറിയ, രാജു തോമസ്, പി.എം. സഹീർ തുടങ്ങിയവർ സംസാരിച്ചു.