വൈപ്പിൻ: അഴീക്കോട് മുനമ്പം പാലം നിർമ്മാണത്തിനെതിരായ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് വൈപ്പിൻ എം.എൽ.എ. കെ. എൻ. ഉണ്ണിക്കൃഷ്ണനും കൈപ്പമംഗലം എം.എൽ.എ. ടൈസൺ മാസ്റ്ററും വ്യക്തമാക്കി. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട എതിർപ്പുകൾ തീർക്കുന്നതിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുടെ ആവശ്യപ്രകാരം ജില്ല കളക്ടർ ജാഫർ മാലിക് എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പദ്ധതി സംബന്ധിച്ച ആശങ്കകളും തെറ്റിദ്ധാരണകളും ദുരീകരിക്കുന്നതിനും വ്യാജപ്രചാരണങ്ങൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടറും വ്യക്തമാക്കി.
പദ്ധതി സംബന്ധിച്ച് ഉയർന്ന ആശങ്കകൾ പരിഹരിച്ചശേഷമേ പാലം നിർമ്മാണം ആരംഭിക്കാവൂ എന്നുതന്നെയാണ് നിലപാടെന്ന് എം.എൽ.എമാർ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പാലമാണ് നിർദിഷ്ട പദ്ധതിയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. മത്സ്യത്തൊഴിലാളിസമൂഹവുമായി ഏറ്റവുമടുത്തു നിൽക്കുന്നവരാണ് തങ്ങൾ. തികച്ചും നിക്ഷിപ്ത താത്പര്യക്കാരാണ് തെറ്റായ പ്രചാരണം നടത്തുന്നത്. ജലപാത സുഗമമാകുന്നതിന് പരമാവധി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽത്തന്നെ തീരുമാനമായിട്ടുണ്ട്.
പാലത്തിന്റെ വശങ്ങളിലെ ഉയരം ജലനിരപ്പിനുമേൽ എട്ടേകാൽ മീറ്റർ ആയി ഉയർത്തിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ ഒരു യാത്രാതടസവും ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിംഗ് നടത്തുന്നതിന് നാലുകോടി രൂപ വകയിരുത്തുന്നുണ്ട്. ഇത്രയും മുൻകരുതലുകളെടുത്ത് സമഗ്രതയോടെ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി ബാലിശമായ നിലപാടുകളിൽ കുരുങ്ങരുതെന്നും എം.എൽ.എമാർ പറഞ്ഞു.
പദ്ധതി വിശദീകരിച്ച കെ. ആർ. എഫ്.ബി. അസി. എക്‌സി. എൻജിനീയർ സംശയങ്ങൾക്ക് മറുപടി നൽകി. പ്രൊജക്ട് എൻജിനീയർ വി. അജിത്തും സംസാരിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.