കൊച്ചി: നിയമംവിട്ട് പ്രവർത്തിക്കാൻ സമ്മർദ്ദം ചെലുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറോട് മാപ്പുപറയണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നുണ പ്രചരിപ്പിക്കുകയാണ്. സർവകലാശാല ഭരണത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ വേണ്ടിയാണ് ഇടതുസർക്കാരിന്റെ നീക്കങ്ങൾ. ഗവർണർക്ക് നിയമോപദേശംകൊടുക്കാൻ എ.ജിക്ക് അധികാരമില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി ഒന്നും അറിയുന്നില്ല. കോടിയേരിയും കാനം രാജേന്ദ്രനും ധാർഷ്ട്യത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും മുൻ വി.സി കൂടിയായ രാധാകൃഷ്ണൻ പറഞ്ഞു.

പത്രസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, അഡ്വ.ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന സമിതിഅംഗം സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.