ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷത്തിന് തനത് ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ തർക്കം. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. ഇതോടെ ഭരണ-പ്രതിപക്ഷ അംഗബലം തുല്യമായെങ്കിലും സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ അനുകൂല തീരുമാനമെടുത്തതായി ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്പോൺസർമാരെ ലഭിക്കുന്നതിനും ഫണ്ട് സമാഹരണത്തിനും പ്രയാസം നേരിടുന്നതിനാൽ തനത് ഫണ്ടിൽ നിന്ന് 10 ലക്ഷം അനുവദിക്കുന്നത് സംബന്ധിച്ച അജണ്ട പരിഗണനക്ക് എടുത്തപ്പോഴാണ് ഏഴ് എൽ.ഡി.എഫ് അംഗങ്ങളും നാല് ബി.ജെ.പി അംഗങ്ങളും വിയോജന കുറിപ്പ് രേഖപ്പെടുത്തുന്നതായി അറിയിച്ചത്. 14 അംഗ ഭരണപക്ഷത്തെ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈജി ജോളി, അംഗം സാനിയ തോമസ് എന്നിവർ യോഗത്തിൽ അവധിയിലായിരുന്നു. ഇതോടെ ഭരണ - പ്രതിപക്ഷ അംഗബലം തുല്യമായി. പലപ്പോഴും ഭരണപക്ഷത്തിന് എതിർ നിലപാട് സ്വീകരിക്കാറുള്ള സ്വതന്ത്രാംഗം കെ.വി. സരള നിശബ്ദത പാലിച്ചതാണ് ആശ്വാസമായത്.

ശതാബ്ദി ആഘോഷത്തിന് സഹായം തേടി ആഘോഷ കമ്മിറ്റി സർക്കാരിനെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ നഗരസഭകളിൽ നിന്നും ശതാബ്ദി ഫണ്ടിലേക്ക് 15,000 രൂപ വീതം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതാതിടത്തെ നഗരസഭ കൗൺസിൽ തീരുമാനമെടുത്ത് പണം നൽകാവുന്നതാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആലുവ നഗരസഭ തനത് ഫണ്ടിൽ നിന്നും പണം ചെലവഴിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് എൽ.ഡി.എഫും ബി.ജെ.പിയും പറയുന്നു.

ഡിസംബർ 30ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തദ്ദേശ മന്ത്രി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കാമെന്നേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനത് ഫണ്ട് ചെലവഴിക്കുന്നതിനെതിരായ എൽ.ഡി.എഫ് നിലപാട് പുന:പരിശോധിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ നിലപാടിലേക്ക് അവർ മാറിയതായും ചെയർമാൻ പറഞ്ഞു.