കൊച്ചി: സൗജന്യ വിദ്യാഭ്യാസം നൽകാനായി കേന്ദ്രഫണ്ട് കൈപ്പറ്റി പാവപ്പെട്ട നിരവധി പെൺകുട്ടികളെ വഞ്ചിച്ച പാലാരിവട്ടത്തെ എയിംസ്ഫിൽ എന്ന സ്ഥാപനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാനവക്താവ് അഡ്വ.ടി.പി. സിന്ധുമോൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മിഷണർക്കും ബി.ജെ.പി പരാതി നൽകി. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്നും അവർ പറഞ്ഞു.
സ്ഥാപനം നടത്തിപ്പുകാരൻ ഫാസിൽ മുഹമ്മദ് ബഷീറിനെതിരെ നിരവധി പരാതികളാണ് വിദ്യാർത്ഥിനികൾ ഉന്നയിച്ചത്. ഇയാൾക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസിലും നിരവധി കേസുകൾ ഉണ്ടെന്ന് സിന്ധുമോൾ പറഞ്ഞു.
ദീൻദയാൽ ഉപാധ്യായ സ്‌കീമിന് കീഴിൽ ഏവിയേഷൻ കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനമാണിത്. കഴിഞ്ഞദിവസം ഹോസ്റ്റലിൽ ഉണ്ടായ ഭക്ഷ്യവിഷബാധയാണ് കുട്ടികൾ അനുഭവിച്ച ദുരവസ്ഥ പുറത്തറിയാൻ കാരണം.
കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. സ്ഥാപനത്തെക്കുറിച്ച് ഇവർ വിശദമായ അന്വേഷണം നടത്തിയിട്ടില്ല. കുടുംബശ്രീ നോഡൽ ഓഫീസിന് മുന്നിൽ ബി.ജെ.പി സമരം സംഘടിപ്പിക്കുമെന്നും സിന്ധുമോൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് ഷിബു ആന്റണി എന്നിവർ പങ്കെടുത്തു