പ്രതി​നി​ധി​ സമ്മേളനം മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ ഉദ്ഘാടനം ചെയ്യും

കൊച്ചി: സി.പി.എം ജില്ലാ സമ്മേളനത്തി​ന് ഇന്ന് കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിലെ 'അഭി​മന്യു നഗറിൽ' തുടക്കമാകും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ 200-ാളം പ്രതിനിധികൾ പങ്കെടുക്കും.

മൂന്നു ദി​വസവും മുഖ്യമന്ത്രി​ സമ്മേളന വേദി​യി​ലുണ്ടാകും. 16ന്‌ വൈകിട്ട്‌ അഞ്ചിന്‌ സമാപന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ടി.എം. തോമസ് ഐസക്ക്, എം.സി. ജോസഫൈൻ, എ.കെ. ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ, പി. രാജീവ് എന്നിവരും പങ്കെടുക്കും. സമാപന സമ്മേളനത്തോടനുബന്ധി​ച്ച് റിട്ട. ജസ്‌റ്റിസ്‌ കെ.ചന്ദ്രുവിനെയും 'ജയ്‌ ഭീം' സിനിമാ ടീമിനെയും ആദരി​ക്കും.

സ്വാഗത സംഘം ചെയർമാൻ കെ. ചന്ദ്രൻപിള്ള പൊതുസമ്മേളന നഗരിയിൽ ഇന്നലെ വൈകിട്ട് പതാക ഉയർത്തി. മന്ത്രി പി. രാജീവ്, എം.സി. ജോസഫൈൻ, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എസ്. ശർമ്മ, ഗോപി കോട്ടമുറിക്കൽ, സി.എം ദിനേശ് മണി, കെ.ജെ. മാക്സി എം.എൽ.എ, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ, സ്വാഗത സംഘം ട്രഷറർ കെ.എൻ ഗോപിനാഥ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.