കൊച്ചി: കൊവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യം നേരിടാൻ എറണാകുളം ജില്ലയിൽ ക്രമീകരണങ്ങൾ ശക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു. ഒമിക്രോൺ കേസുകൾക്കായി 250 ബെഡ്ഡുകൾ ക്രമീകരിക്കും. 12 റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ സംവിധാനം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിനും ആർ.ടി.പി.സി.ആർ പരിശോധനയ്ക്കും സൗകര്യമുമുണ്ട്. യാത്രക്കാർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിലും ആർ.ടി.പി.സി.ആർ ഫലം മൂന്നു മണിക്കൂറിനുള്ളിലും അറിയാം. ഫലം അറിഞ്ഞശേഷമേ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയൂ.
കഴിഞ്ഞദിവസം രോഗബാധിതനായ യുവാവിന്റെ ബന്ധുക്കളുടെ ജിനോം സീക്വൻസിംഗ് പരിശോധനയുടെ ഫലം ഉടൻ ലഭ്യമാകും.നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗബാധിതനോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്നവരെ ഹൈറിസ്‌ക് കോൺടാക്ടായി പരിഗണിക്കും.
കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരമുള്ള എല്ലാ ജാഗ്രതയും മുന്നൊരുക്കങ്ങളും കൃത്യമായി നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നവരുടെ നിരീക്ഷണം കർശനമാക്കുന്നതിനായി പൊലീസിന്റെ സഹായം തേടാനും പദ്ധതിയുണ്ട്.