pinarayi

കൊച്ചി: സംഘപരിവാറും മുസ്ലിം തീവ്രവാദികളും സമൂഹ മാദ്ധ്യമങ്ങളിലൂടെ വ‌ർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതു തിരിച്ചറിഞ്ഞ് വ‌ർഗ ഐക്യത്തിനായി ജനങ്ങൾ നിലകൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും എല്ലാ പ്രശ്നത്തെയും വ‌ർഗീയമായി വ്യാഖ്യാനിക്കുന്നു. മതനിരപേക്ഷത തക‌ർക്കുകയാണ് ലക്ഷ്യം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ശക്തിപ്പെടാമെന്നാണ് ഇരുകൂട്ടരും കരുതുന്നത്. യു.ഡി.എഫ് ഇതിനെ സഹായിക്കുകയാണ്. അവർ വ‌ർഗീയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുന്നു; വ‌ർഗീയ അജണ്ടകൾ നടപ്പാക്കുന്നു.

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് നടത്തിയ റാലിയിലും സമീപനം മുൻ നിലപാടിന് വിരുദ്ധമായിരുന്നു. മുസ്ലിം തീവ്രവാദികളുടെ കാഴ്ചപ്പാടുകളും മുദ്രാവാക്യങ്ങളും ലീഗ് ഏറ്റെടുത്തു. മതസംഘടനാനേതാക്കളെ വരെ അപകീ‌ർത്തിപ്പെടുത്തി. ഇത് ലീഗ് പ്രവ‌ർത്തകരെ മതതീവ്രവാദികളുടെ കൈകളിൽ എത്തിക്കും. സംഘപരിവാറിനോട് മൃദുസമീപനം സ്വീകരിച്ച കോൺഗ്രസിന് അണികളെ നഷ്ടപ്പെട്ടത് എങ്ങനെയോ, അതേ അവസ്ഥ ലീഗിനും വരും.

മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് വ‌‌ർഗീയതയാവുന്നത്. അതിനെ തീവ്രവാദ പ്രവ‌ർത്തനങ്ങൾക്ക് ഉപയോഗിക്കുമ്പോഴാണ് തീവ്രവാദ സംഘടനകളുണ്ടാകുന്നത്. ഈ യാഥാ‌ർത്ഥ്യം ജനങ്ങൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 രാഹുലിനും വി‌മർശനം

ജയ്‌പൂ‌ർ റാലിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദുത്വ സ‌‌ർക്കാ‌ർ പരാമ‌ർ‌ശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വി‌മർശിച്ചു. ഹിന്ദുത്വ സർക്കാർ ഹിന്ദുത്വത്തെ എതി‌ർക്കാനാണെന്നാണ് രാഹുൽ പറയുന്നത്. ഇത് കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ വ‌ർഗീയതയോട് വിട്ടുവീഴ്ച പാടില്ല. കോൺഗ്രസിന് ഇതിനു കഴിയുന്നില്ല. കോൺഗ്രസിന്റെ മുതി‌ർന്ന നേതാക്കളും പ്രവർത്തകരുമാണ് ഇപ്പോൾ ബി.ജെ.പിയെ നയിക്കുന്നത്. കോൺഗ്രസിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായെന്നും പിണറായി പറഞ്ഞു.