
കൊച്ചി: എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാതയിലൂടെ ഈ മാസം 16ന് ഹൈന്ദവ സംഘടനയുടെ നേത്വത്വത്തിൽ ശബരിമല തീർത്ഥാടനം നടത്തും. കൊവിഡിന്റെ പേരിൽ അടച്ചിട്ട പാത തുറക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചും ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുമാണ് യാത്രയെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
16ന് രാവിലെ സംഘടനാ ഭാരവാഹികൾ എരുമേലിയിൽ ഒത്തുചേർന്ന് 11 മണിക്ക് കാളകെട്ടി വഴിയുള്ള കാനന പാതയിലൂടെ തീർത്ഥയാത്ര ആരംഭിക്കും. എരുമേലിയിൽ പേട്ട തുള്ളി പോകുന്ന പാത തുറക്കാത്തത് ഭക്തരോടും ശബരിമല ക്ഷേത്രത്തോടുമുള്ള അവഗണനയാണെന്ന് നേതാക്കൾ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് ചെയർമാൻ എസ്.ജെ.ആർ. കുമാർ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.