കോലഞ്ചേരി: ഈ റോഡിൽ ഇ - മാലിന്യങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. വീട്ടിൽ ഉപയോഗശൂന്യമാകുന്ന പഴയ കമ്പ്യൂട്ടർ മോണിട്ടറുകൾ, പഴകിയ ടിവി തുടങ്ങി വലുതും ചെറുതുമായ സർവ മാലിന്യങ്ങളും വലിച്ചെറിയുന്ന റോഡായി കരിമുഗൾ കാക്കനാട് റോഡ് മാറി. റോഡിനിരുവശവും ആൾത്താമസം കുറഞ്ഞ സ്ഥലങ്ങൾ നോക്കിയാണ് ഈ മാലിന്യങ്ങളുടെ നിക്ഷേപഭൂമിയായി റോഡ് മാറുന്നത്. പുത്തൻകുരിശ് പഞ്ചായത്തിൽ ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാൻ സൗകര്യമുണ്ടെന്നിരിക്കെ സമീപ മേഖലകളിൽനിന്ന് എത്തുന്നവരാണ് മാലിന്യമെറിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കരിമുഗളിൽ തുടങ്ങിയാൽ ഫാക്ടിന്റെ ഭൂമിയാണ് ബ്രഹ്മപുരത്തിന് അടുത്ത് വരെയുള്ളത്. ഇവിടെ രാത്രികാലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തതും മാലിന്യം വലിച്ചെറിയുന്നവർക്ക് അനുഗ്രഹമാണ്. കരിമുകളിൽ നിന്ന് ഇൻഫോപാർക്കിലും സ്മാർട്ട് സിറ്റിയിലേക്കും പുത്തൻകുരിശ് ഭാഗത്തുനിന്ന് തിരക്കില്ലാതെ ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എത്താവുന്ന എളുപ്പമാർഗം കൂടിയാണിത്. റോഡിൽ ബ്രഹ്മപുരം കഴിഞ്ഞാൽ വരുന്ന ബൈപാസ് റോഡിലും, കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിന് സമീപവും റോഡിനിരുവശവും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉപയോഗശൂന്യമായ വസ്തുക്കളുമാണ്. മഴപെയ്താൽ ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയും ഇതിലെ മലിനജലം ഒഴുകി പ്രദേശത്തെ കുടിവെള്ളസ്രോതസുകളിൽ എത്തുകയും ചെയ്യും. തെരുവുനായ്ക്കൾ മാലിന്യം വലിച്ച് റോഡിൽ നിരത്തിയിടുന്നതും പതിവ് കാഴ്ചയാണ്.
നിരീക്ഷണകാമറ സ്ഥാപിച്ചിട്ടും ഫലമില്ല
റോഡരികിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നിക്ഷേപകരെ കണ്ടെത്താനായിട്ടില്ല. പുത്തൻകുരിശ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമാണിവിടം. ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിനോട് ചേർന്നാണ് ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നത്. മാലിന്യസംസ്‌കരണത്തിനായി ശാസ്ത്രീയ സംവിധാനങ്ങൾ സ്ഥാപിക്കാത്തതിനാലും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്നവരെ കണ്ടെത്തി ശിക്ഷിക്കാത്തതിനാലും ദിനംപ്രതി മാലിന്യങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയാണ്. കാക്കനാട്ടേയ്ക്ക് എത്താനുള്ള എളുപ്പ വഴിയായ ഇതിലൂടെയാണ് സിവിൽസ്റ്റഷനിലേയ്ക്കുള്ള ഭരണകർത്താക്കളും നൂറുകണക്കിന് യാത്രക്കാരും ദിനംപ്രതി കടന്നുപോകുന്നത്. മൂക്ക് പൊത്താതെ ഇതു വഴി സഞ്ചരിക്കാനാവില്ല. പൊതുവേ ആൾത്താമസം കുറഞ്ഞ പ്രദേശമാണിവിടം. ഇതു മറയാക്കിയാണ് മാലിന്യം വൻതോതിൽ നിക്ഷേപിക്കുന്നത്.