മൂവാറ്റുപുഴ: നഗരസഭയുടെ ഉടമസ്ഥതയിൽ വെളളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന് ആധുനിക സൗകര്യങ്ങളോടെ പുതിയമന്ദിരം നിർമ്മിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിൽ 50 വർഷമായി പ്രവർത്തിച്ചുവരുന്ന ഹോസ്റ്റൽ അസൗകര്യങ്ങളുടെ പിടിയിലാണ്. 2.6 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ബലക്ഷയത്തെത്തുടർന്ന് കുട്ടികളെ ഓഫീസ് മന്ദിരത്തിലാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് മന്ദിരം നിർമ്മിക്കാൻ തീരുമാനമായത്.

ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള പട്ടികജാതി-ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. നിലവിൽ 20 വിദ്യാർത്ഥികളും ജീവനക്കാരും ഇവിടെയുണ്ട്. ജനറൽ വിഭാഗത്തിൽ മൂന്നും പട്ടികവർഗ വിഭാഗത്തിൽ അഞ്ചും പട്ടികജാതി വിഭാഗത്തിൽ 12ഉം വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ ഉള്ളത്. ജില്ലയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കായി ട്രെയിനിംഗ് സെന്ററും ഇവിടെ പ്രവർത്തനമാരംഭിക്കും. വിവിധ ഇനം കോഴ്സുകളും തൊഴിലധിഷ്ഠിത പരിശീലനവും ഉന്നത പഠനത്തിന് പ്രാപ്തമാക്കുന്ന ക്ലാസുകളും സെന്ററിൽ ഉണ്ടാവും. ഹോസ്റ്റൽ കം ട്രെയിനിംഗ് സെന്റർ എന്ന നിലയിലാകും പ്രവർത്തിക്കുക. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറായതായി ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.