ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷത്തിന് തനത് ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ ചെലവഴിക്കുന്നതിനെതിരായ നിലപാടിൽ ഉറച്ച് എൽ.ഡി.എഫ്. കൗൺസിൽ യോഗത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ നിഷ്പക്ഷത പാലിച്ച സ്വതന്ത്രാംഗവും ഇന്നലെ വിയോജിപ്പ് രേഖപ്പെടുത്തി സെക്രട്ടറിക്ക് കത്ത് നൽകിയതോടെ ഭരണപക്ഷം വെട്ടിലായി.

26 അംഗ കൗൺസിലിൽ 23 പേരാണ് പങ്കെടുത്തത്. ഭരണപക്ഷത്തെ 11, എൽ.ഡി.എഫ് 7, ബി.ജെ.പി 4, സ്വതന്ത്രാംഗം 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. തനത് ഫണ്ട് ചെലവഴിക്കുന്ന വിഷയം പരിഗണിച്ചപ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും പരസ്യമായി എതിർത്തു. സ്വതന്ത്രാംഗം കെ.വി. സരള അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. തുടർന്ന് അടുത്ത അജണ്ടയിലേക്ക് കടന്നു. സരളയുടെ പിന്തുണയോടെ തനത് ഫണ്ട് ചെലവഴിക്കാൻ തീരുമാനിച്ചെന്ന നഗരസഭ ചെയർമാൻ എം.ഒ. ജോൺ മാദ്ധ്യമങ്ങളെ അറിയിച്ചതോടെയാണ് സരള എതിരഭിപ്രായവുമായി രംഗത്തെത്തിയത്. തുടർന്നാണ് ഇന്നലെ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്. കൗൺസിലിനുശേഷം നടന്ന ചർച്ചയിൽ എൽ.ഡി.എഫ് അംഗങ്ങളും എതിർ നിലപാടിൽനിന്ന് പിൻമാറിയെന്നും ചെയർമാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് എൽ.ഡി.എഫ് കൗൺസിലർമാരും നിഷേധിച്ചതോടെ ഭരണപക്ഷം പ്രതിസന്ധിയിലായി.

സാമ്പത്തീക പ്രതിസന്ധി നേരിടുന്ന നഗരസഭ തനതുഫണ്ട് ചെലവഴിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ സി.പി.എം നേതാവ് മിനി ബൈജു പറഞ്ഞു.