ആലുവ: നഗരസഭ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട നിസഹകരണത്തിന്റെ പേരിൽ എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. തനത് ഫണ്ടിൽനിന്ന് ശതാബ്ദി ചെലവിലേക്ക് 10 ലക്ഷം രൂപ അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകിയെങ്കിലും പ്രതിപക്ഷനേതാവ് ഉൾപ്പെടെ രണ്ടുപേർ ഒപ്പുവച്ചില്ല.
പ്രതിപക്ഷനേതാവ് ഗെയിസ് ദേവസി പയ്യപ്പിള്ളിയും മാധവപുരം കോളനി വാർഡ് മെമ്പർ ലീന വർഗീസുമാണ് വിയോജനക്കുറിപ്പിൽ ഒപ്പ് വയ്ക്കാതിരുന്നത്.
നഗരസഭയുടെ 100 -ാം ജന്മദിനത്തിൽ പ്രഥമ ചെയർമാന്റെ വസതിയിൽ കേക്ക് മുറിക്കൽ ചടങ്ങ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന എല്ലാ പരിപാടികളും എൽ.ഡി.എഫ് ബഹിഷ്കരിക്കുകയായിരുന്നു. നഗരസഭ ചെയർമാൻ ഏകപക്ഷീയ തീരുമാനമെടുക്കുന്നതായി ആരോപിച്ചായിരുന്നു ബഹിഷ്കരണം. എന്നാൽ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രതിപക്ഷനേതാവ് പങ്കെടുത്തത് എൽ.ഡി.എഫ് മുന്നണിക്ക് നാണക്കേടുണ്ടാക്കി. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് നഗരസഭ ഫണ്ട് ചെലവഴിക്കുന്നതിനെതിരെ എൽ.ഡി.എഫ് വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ തീരുമാനിച്ചത്. ലീന വർഗീസ് വിയോജനക്കുറിപ്പിൽ ഒപ്പ് വച്ചെന്നാണ് പ്രതിപക്ഷം പറയുന്നതെങ്കിലും ഒപ്പ് വച്ചിട്ടില്ലെന്ന് അവർ 'കേരളകൗമുദി'യോട് പറഞ്ഞു. എന്നാൽ പിന്നീട് ലീന വർഗീസ് നിലപാട് മയപ്പെടുത്തി. സ്ഥലത്തില്ലാത്തപ്പോൾ ഉപയോഗിക്കുന്നതിന് നേരത്തെ വെള്ള പേപ്പറിൽ ഒപ്പുവെച്ച് നൽകിയിട്ടുണ്ടെന്നും ഇത് ഉപയോഗിച്ചിട്ടുണ്ടാകാമെന്നും തിരുത്തിപ്പറഞ്ഞു.
പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് കോക്കസെന്ന് പ്രതിപക്ഷ നേതാവ്
ആലുവ നഗരസഭയിൽ പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് പുറമേനിന്നുള്ള കോക്കസാണെന്ന് പ്രതിപക്ഷനേതാവ് ഗെയിൽസ് ദേവസി തുറന്നടിച്ചു. ചില സി.പി.എം നേതാക്കളാണ് കോക്കസിലുള്ളത്. അവരുടെ പേര് ഇപ്പോൾ പറയുന്നില്ല. നഗരസഭയുടെ 100 -ാം വാർഷികത്തോട് സഹകരിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. സർക്കാരുകൾ ഒന്നും രണ്ടും വാർഷികം ആഘോഷിക്കുമ്പോൾ സർക്കാർ ഫണ്ടിൽ നിന്നുമാണ് പണം ചെലവഴിക്കുന്നത്. നഗരസഭയുടെ 100 -ാം വാർഷികത്തിന് സ്വന്തംഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല.