പള്ളുരുത്തി: വൃശ്ചിക വേലിയേറ്റം രൂക്ഷമായതോടെ പശ്ചിമകൊച്ചിയിലെ തീരപ്രദേശങ്ങളിലെ വീടുകൾ പലതും ഓരുവെള്ളത്തിൽ മുങ്ങി. കായലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിനീക്കം ചെയ്യാൻ 5 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. അത് യഥാസമയം ചെലവഴിക്കാത്തതിനാൽ കായലുകളിൽ എക്കൽ അടിഞ്ഞുകൂടിയതിനെ തുടർന്നാണ് വേലിയേറ്റ വെള്ളം വീടുകളിൽ എത്തുന്നത്. ഈ തുക അടിയന്തരമായി ചെലവഴിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. കെ.ബാബു മുഖ്യമന്ത്രിക്ക് കത്ത് നൽകി. ചെല്ലാനത്തെ സ്കൂളുകളും ആരാധനാലയങ്ങളും മറ്റും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പുത്തൻതോട് സ്‌കൂളിലേക്ക് വെള്ളം മൂലം കയറാൻ കഴിയാതെ വിദ്യാർത്ഥികളും അധ്യാപകരും പാടുപെടുകയാണ്. വീടുകളുടെ മുറ്റത്ത് പാർക്ക് ചെയ്യുന്ന ടൂ വീലറുകളും മറ്റു വാഹനങ്ങളും ഉപ്പുവെള്ളം കയറി നശിക്കുകയാണ്. പല ടൂവീലറുകളുടെയും പുക കുഴൽ വെള്ളത്തിൽ പോയതിനാൽ പല വാഹനങ്ങളും സ്റ്റാർട്ടാക്കാൻ കഴിയാത്ത സ്ഥിതിയാണ്. പെരുമ്പടപ്പ് - കുമ്പളങ്ങി കായലിൽ ചെളിനീക്കം ചെയ്യാൻ കരാറിന് ലക്ഷങ്ങൾ നൽകിയെങ്കിലും ഒരു തരി ചെളിപോലും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചില രാഷ്ടീയ പാർട്ടികളുടെ പോക്കറ്റുകൾ വീർത്തതല്ലാതെ ചെളി കോരൽ പ്രഹസനമായി മാറി. ഡിവിഷൻ കൗൺസിലർ, പഞ്ചായത്തംഗം, എം.എൽ.എ എന്നിവർ നേതൃത്വം നൽകി ചെളി കോരൽ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പെരുമ്പടപ്പിലെ സാമൂഹ്യ പ്രവർത്തകൻ പി.ആർ.അജാമളൻ ആവശ്യപ്പെട്ടു. പശ്ചിമകൊച്ചി പ്രദേശമായ പെരുമ്പടപ്പ്, കോണം, ഇടക്കൊച്ചി, മുണ്ടംവേലി, കുമ്പളങ്ങി, ചെല്ലാനം, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളും വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് ദുരിതം അനുഭവിക്കുകയാണ്.