anand
സെൽവി , അനന്ദ

കൊച്ചി: എറണാകുളം കടവന്ത്ര മുട്ടത്ത് ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇയാളുടെ ഭാര്യയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊരൂർ സ്വദേശി ശങ്കറിന്റെ (45) ഭാര്യ സെൽവി (44), മകൾ അനന്ദ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

പതിവായി മദ്യപിച്ചെത്തിയിരുന്ന ശങ്കർ സെൽവിയെ മർദ്ദിക്കുമായിരുന്നു. സംഭവദിവസവും മദ്യപിച്ച് ബഹളമുണ്ടാക്കി. പിന്നീട് മദ്യലഹരിയിൽ കിടന്നുറങ്ങിയ ശങ്കറിനെ കട്ടിലിൽ കെട്ടിയിട്ടശേഷം ഷൂവിന്റെ ലേസ് ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തിതീ‌ർക്കാൻ 'അച്ഛൻ അനങ്ങുന്നില്ലെന്ന്' പറഞ്ഞ് സെൽവി മകനെ വിളിച്ചുവരുത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ട പൊലീസ് സെൽവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഇവർ കുറ്റം സമ്മതിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച ശേഷം ഇന്നലെ അറസ്റ്ര് രേഖപ്പെടുത്തി.

കൊലപാതകത്തിന് അനന്ദയും സെൽവിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്ത് വർഷം മുമ്പാണ് ശങ്കറും കുടുംബവും എറണാകുളത്ത് എത്തിയത്. കെട്ടിട നിർമ്മാണ ജോലികൾക്ക് സഹായിയായി പോവുകയായിരുന്നു. കടവന്ത്ര എസ്.എച്ച്.ഒ അൻവറിന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.