കൊച്ചി: കൊവിഡിനു ശേഷം തുറന്ന മറൈൻഡ്രൈവിൽ തിരക്കേറുന്നു. ലോക്ക് ഡൗണിനു ശേഷം പ്രവേശനം അനുവദിച്ചെങ്കിലും കൊവിഡ് ഭീതി മൂലം എത്തുന്നവരുടെ എണ്ണം വിരളമായിരുന്നു. പ്രവേശനം പുന:രാരംഭിച്ച ആദ്യഘട്ടത്തിൽ ആളുകളെത്താത്തതിനാൽ ബോട്ടിംഗ് സർവീസ് പോലും നടത്താൻ കഴിഞ്ഞിരുന്നില്ല. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ മറൈൻ ഡ്രൈവിലേക്ക് ജനങ്ങൾ കൂട്ടമായെത്തിത്തുടങ്ങി. ക്രിസ്‌മസ്, നവവത്സര ആഘോഷക്കാലത്ത് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
ജി.സി.ഡി.എ.യുടെയും സി.എസ്.എം.എല്ലിന്റെയും നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വൈകുന്നേരങ്ങളിലാണ് തിരക്കേറെയും. കച്ചവടക്കാർക്കും ബോട്ടിംഗ് സർവീസുകൾക്കുമെല്ലാം പ്രതീക്ഷ നൽകുന്നതാണ് തിരക്ക്. നിലവിൽ ചെറുതും വലുതുമായി 12ലേറെ ബോട്ടുകളാണ് സർവീസ് നടത്തുന്നത്. വൈകുന്നേരങ്ങളിലാണ് ബോട്ടിംഗിന് ആളേറെ എത്തുന്നത്. 7.30വരെയാണ് ബോട്ടിംഗ്. ഇതിനുശേഷവും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 11 വരെ ആളുകൾ എത്തുന്നുണ്ട്.
തിരക്കേറെ ഗോശ്രീ ഭാഗത്ത്
കെട്ടുവള്ളം മുതൽ ഗോശ്രീ വരെയുള്ള ഭാഗത്താണ് തിരക്കേറെയും. കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന നിരവധി സജ്ജീകരണങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പാമ്പും കോണിയും കളികളും ഊഞ്ഞാലുകളും ഓപ്പൺ ജിം, ഭംഗിയുള്ള വിളക്കുമരങ്ങളും എന്നിങ്ങനെ വ്യത്യസ്ത ക്രമീകരണങ്ങൾ. ഗോശ്രീ പാലത്തിനടുത്തുള്ള ടാറ്റാ കനാൽ മുതൽ എറണാകുളം ബോട്ടുജെട്ടി വരെയുള്ള 2.48 കിലോമീറ്റർ ദൂരമാണ് മറൈൻഡ്രൈവ് പദ്ധതിയിൽ നവീകരിച്ചത്. ഇവിടെയെത്തുന്നവർക്ക് ഇരിക്കാനായി പുതുതായി 120 ഗ്രാനൈറ്റ് ബെഞ്ചുകളാണ് ഒരുക്കിയിരിക്കുന്നത്. രാത്രികാലങ്ങളിലും നിറഞ്ഞ പ്രകാശം ലഭിക്കാൻ 200നടുത്ത് ലൈറ്റുകളും സ്ഥാപിച്ചു. അതോടൊപ്പം സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറകളും ഒരുക്കിയിട്ടുണ്ട്.