ഫോർട്ടുകൊച്ചി: സാന്താക്രൂസ് മൈതാനത്തിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മൂന്നാംഘട്ട സമരം ശ്രദ്ധേയമായി. ഒരു സാധാരണക്കാരായ കുട്ടികൾ കായികകേളികൾക്കായി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ഈ മൈതാനം ഇപ്പോൾ സി.എസ്.എം.എൽ അധികൃതർ അവരുടെ വാഹനങ്ങൾ കയറ്റി ഇടുന്നതിനും ഉപയോഗ ശൂന്യമായ ഇലക്ടിക്കൽ പോസ്റ്റുകളും മറ്റും സൂക്ഷിക്കുന്നതിനുമാണ് ഉയോഗിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നേരത്ത യൂത്ത് കോൺഗ്രസ് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അധികാരികൾ യാതൊരുവിധ നടപടിയും സ്വീകരിക്കുവാനോ മൈതാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചെളി നിറഞ്ഞ മൈതാനത്ത് മഡ് റസ്ലിംഗ് ( ചെളി ഗുസ്തി ) പിടിച്ച് പ്രതിഷേധ സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ആർ.ബഷീറും നോർത്ത് മണ്ഡലം പ്രസിഡന്റ് ആന്റണി ആൻസിലും തമ്മിലായിരുന്നു ചെളിയിൽ ഗുസ്തി പിടിച്ചത്. അന്തർ ദേശീയ ഗുസ്തി റഫറി എം.എം. സലിം മത്സരം നിയന്ത്രിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അദ്ധ്യക്ഷനായി. മുഹമ്മദ് ഹിജാസ്, സംജാത് ബഷീർ, സുജിത് മോഹൻ, നിജാസ് നാസർ, പ്രശാന്ത് ബാബു, അനൂബ്, ടോജോ ലാലൻ, സനിൽ ഇസാ, എം.എസ്.ശുഹൈബ് എന്നിവർ സംസാരിച്ചു.