lulu
ഇന്തോനേഷ്യയിലെ ലുലു മാളിൽ ജോലി ചെയ്യവേ കാഴ്ച നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി അനിൽ കുമാറിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ സഹായം ലുലു മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി.സ്വരാജ് കൈമാറുന്നു.

കൊച്ചി: രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ആലപ്പുഴ സ്വദേശി അനിൽ കുമാറിന് ലഭിച്ചത് അപ്രതീക്ഷിതമായ തുണ. കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് ജീവിതം ഇരുട്ടിലായപ്പോൾ പ്രതീക്ഷയുടെ വെളിച്ചവുമായെത്തിയത് എം.എ യൂസഫലിയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും.

ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായിരുന്നു അനിൽകുമാർ. ജോലിക്ക് കയറി രണ്ട് മാസം തികയറായപ്പോഴാണ് ഉറങ്ങി എഴുന്നേറ്റപ്പോൾ കാഴ്ചയില്ലെന്ന ഭീതിദമായ സത്യം അനിൽകുമാർ അറിയുന്നത്. കടുത്ത പ്രമേഹമാണ് പ്രശ്നമായത്. ലുലു ഗ്രൂപ്പ് ജീവനക്കാർ ചേർന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയിൽ അനിൽ കുമാറിന് ചികിത്സാ സംവിധാനമൊരുക്കി. ഇൻഷ്വറൻസിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് കെട്ടിവച്ചു. അനിലിന്റെ ആഗ്രഹപ്രകാരം നാട്ടിലേക്ക് പോകാൻ വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നൽകി. രണ്ട് മാസത്തെ അധിക ശമ്പളം ഉൾപ്പെടെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് ചികിത്സയ്ക്കും മറ്റുമായി കൈമാറിയത്.

നാട്ടിലെത്തിയപ്പോൾ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി നൽകി. മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനിൽ കുമാർ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുൻ ജീവനക്കാരന് കരുതലുമായി എം.എ യൂസഫലി വീണ്ടും എത്തിയത്. യൂസഫലിയുടെ നിർദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി സ്വരാജ്, അനിൽ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി.

മകളുടെ പഠനം മുടങ്ങില്ലെന്ന് ഉറപ്പായതോടെ യൂസഫലിയുടെ ഇടപെടലിന് ഒരിക്കൽ കൂടി നന്ദി പറയുകയാണ് അനിൽ കുമാറും കുടുംബവും.