കൊച്ചി: ദേശീയപാത 66ന്റെ വികസനവും തൃപ്പൂണിത്തുറ ബൈപ്പാസ് പൂർത്തീകരണവും പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം.പി. പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാൻ നിലവിലുള്ള രീതിയ്ക്ക് പകരം അതിവേഗത്തിലും ഏകീകൃത രീതിയിലാണെന്നും ഉറപ്പാക്കണമെന്ന് ഹൈബി ഈഡൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
എൻ.എച്ച് 66 ന്റെ നിർമ്മാണത്തിന് വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത അഞ്ചര ഏക്കർ സ്ഥലം വെറുതെ കിടക്കുമ്പോൾ വീണ്ടും സ്ഥലമെടുക്കുന്നത് ഒഴിവാക്കണം. അങ്കമാലിയിൽ നിന്ന് കുണ്ടന്നൂരിലേയ്ക്കും കൊച്ചിയിൽ നിന്ന് തേനിയിലേയ്ക്കുമുള്ള രണ്ട് നാഷണൽ ഹൈവേ അതോറിറ്റിയുടെ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അവ്യക്തതകൾ അടിയന്തരമായി അവസാനിപ്പിച്ച് തൃപ്പൂണിത്തുറ ബൈപ്പാസ് യാഥാർത്ഥ്യമാക്കണം.
എൻ.എച്ച് 66 ന്റെ മൂത്തകുന്നം ഇടപ്പള്ളി ഭാഗം പ്രധാനമാണ്. ആലങ്ങാട് പഞ്ചായത്തിലെ മേസ്തിരിപ്പടി മുതൽ ഷെഡുപടി വരെ 1050 മീറ്ററിൽ സ്ഥലം ഏറ്റെടുക്കലിന് പ്രാദേശികമായ പ്രതിഷേധമുണ്ട്. ഇവിടെ ഏറ്റെടുത്ത അഞ്ചര ഏക്കർ ഉപയോഗശൂന്യമായി കിടക്കുകയാണ്. അവിടെ റോഡ് അലൈൻമെന്റിൽ ചെറിയ മാറ്റം വരുത്തിയാൽ വീടുകൾ ഉൾപ്പെടെ 27,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും സംരക്ഷിക്കാൻ കഴിയും.
കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ സ്ഥലം ഏറ്റെടുക്കാൻ ചെലവ് വളരെ കൂടുതലാണ്. വികസന പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തും അതിവേഗത്തിലും പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.